കൊയ്ത്ത് തടഞ്ഞ് പാടശേഖര സമിതി; കർഷകന്റെ രണ്ടര ഏക്കറിലെ കൃഷി നശിച്ചു

തര്‍ക്കത്തെത്തുടര്‍ന്ന് വിളവെടുപ്പിന് പാകമായ കുട്ടനാട്ടിലെ രണ്ടര ഏക്കര്‍ നിലത്തെ നെല്ല് കിളിര്‍ത്തു നശിച്ചു. കോടതി നിയോഗിച്ച കമ്മീഷന്‍ നിര്‍ദേശിച്ചിട്ടും കൊയ്ത്തിന് പാടശേഖര സമിതിയും ഒരുവിഭാഗവും സമ്മതിക്കുന്നില്ലെന്നാണ് കര്‍ഷക കുടുംബത്തിന്‍റെ പരാതി. ഇന്ന് കൊയ്ത്തു നടക്കുമെന്നാണ് കൃഷി ഓഫീസര്‍ പറയുന്നത്.

പുന്നപ്ര തെക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന വെട്ടിക്കരി പാടശേഖരത്തിലെ കര്‍ഷകരാണ് ദമ്പതികളായ ചെമ്പുംപുറം വിജോഷ് ഭവനില്‍ വി.ജെ.തോമസും ബിന്ദുവും.കൃഷികൊണ്ട് മാത്രം ഉപജീവനം നടത്തുന്നവര്‍. 

ബന്ധുക്കളില്‍ ചിലരുമായുണ്ടായ തര്‍ക്കത്തില്‍ പാടശേഖരസമിതിയും കൃഷി ഉദ്യോഗസ്ഥരും പക്ഷം ചേര്‍ന്നെന്നാണ് ഇവരുടെ പരാതി. കൊയ്യേണ്ട സമയം കഴിഞ്ഞിട്ടും അതിനായിട്ടില്ല. കൊയ്ത്തുയന്ത്രം വിട്ടുനല്‍കിയില്ല. കോടതിയില്‍ നിന്ന് താല്‍ക്കാലിക ഉത്തരവുണ്ടായിട്ടും അഡ്വക്കേറ്റ് കമ്മീഷന്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും കൊയ്ത്ത് മാത്രം നടന്നില്ല

26 വര്‍ഷമായി കൃഷി ചെയ്യുന്ന സ്ഥലമാണെന്നാണ് ഇവര്‍ പറയുന്നത്.ഇത്തവണ കൃഷി ചെയ്യുന്നതിന് വിത്ത് പാടശേഖരസമിതി  നല്‍കാന്‍ തയാറായില്ല. സബ്സിഡി കിട്ടാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സ്ഥലത്തിന്‍റെ ഉടമാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാതെ സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നാണ് കൃഷി ഓഫീസര്‍ പറയുന്നത്. കൊയ്ത്ത് യന്ത്രം ഇന്നെത്തിച്ച് ഇന്ന് വിളവെടുപ്പ് നടത്തുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.