കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ അമ്പരന്നു; പിന്നാലെ അറസ്റ്റ്

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ കാറില്‍നിന്ന് എട്ടുകിലോയോളം കഞ്ചാവ് കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശികളായ  ഷൈജു, ഫൈസല്‍, നെ‌ടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തു .കാര്‍ മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്.

ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിക്കുസമീപം ഇന്നു രാവിലെ ഒന്‍പതിനാണ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ഇവര്‍. രക്ഷാപ്രവര്‍ത്തനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ പൊതികള്‍ കണ്ടത്. നിസാരപരുക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ശ്രമിച്ചപ്പോള്‍ പൊതികള്‍ എടുക്കാന്‍ ഇവര്‍ശ്രമിച്ചു . സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  പൊതികളില്‍ കഞ്ചാവാണെന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അടൂര്‍പഴകുളം സ്വദേശികളായ ഷൈജു,ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു .

പിടിയിലായ ഷൈജു പത്തനംതിട്ട, നൂറനാട്,അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.