വീട്ടമ്മയും 2 കുട്ടികളും ‌കാട്ടാനക്കൂട്ടത്തിനിടയിൽ; വീടും കൃഷിയും നശിപ്പിച്ചു

വിധവയായ വീട്ടമ്മയെയും ആറും എട്ടും വയസുള്ള 2 മക്കളെയും രാത്രി കാട്ടാനക്കൂട്ടം തടവിലാക്കിയത് 5 മണിക്കൂർ. കുട്ടി ഉൾപ്പെടെ 5 ആനകളടങ്ങിയ സംഘം വീട് ഭാഗികമായി തകർത്ത് സ്ഥലം വിട്ടതോടെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് മറ്റൊരു ഒറ്റയാന്റെ വരവ്.

കണ്ണൻ ദേവൻ കമ്പനി ഗൂഡാർവിള എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ തൊഴിലാളി എട്ടു മുറി ലയത്തിൽ താമസിക്കുന്ന സുധയുടെ വീട്ടുമുറ്റത്താണ് തിങ്കൾ രാത്രി 11നു കാട്ടാനക്കൂട്ടം എത്തിയത്. വീടിന്റെ മുൻവശത്തെ ജനൽച്ചില്ല് തകർത്തതോടെ ഭയന്ന സുധ മക്കളായ ഹർഷിണിയെയും വൃന്ദയെയും കൂട്ടി അടുക്കള ഭാഗത്ത് കൂടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയും കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. ഇതോടെ ഭയന്നു വിറച്ച് വീട്ടിൽത്തന്നെ കഴി‍ച്ചുകൂട്ടി.

വീടിനു ചുറ്റും നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനകൾ കൃഷികളും മറ്റും നശിപ്പിച്ച് പുലർച്ചെ നാലിനാണ് കാടു കയറിയത്. ഇതോടെ അയൽവാസികളെ വിളിക്കാൻ പുറത്തിറങ്ങുന്നതിനിടെയാണ് ഒറ്റയാൻ ഈ ഭാഗത്തേക്കു വന്നത്. ഇതോടെ വീണ്ടും  അമ്മയും മക്കളും  വീട്ടിൽ അഭയം തേടി. ഒറ്റയാൻ വലിയ നാശനഷ്ടങ്ങൾ ഒന്നുമുണ്ടാക്കാതെ തിരിച്ച് പോയി. ആദ്യം വന്ന ആനക്കൂട്ടം സമീപവാസിയായ വള്ളിയുടെ വീടിനും നാശനഷ്ടമുണ്ടാക്കി. ഗണേശൻ, ലക്ഷ്മണൻ, സുധ എന്നിവരുടെ കൃഷിയും നശിപ്പിച്ചു.