സഞ്ചാരികളെയും കാത്ത് കക്കയം; പ്രവേശനം കോവിഡ് ചട്ടങ്ങൾ പാലിച്ച്

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്ത് കോഴിക്കോട് കക്കയം ടൂറിസം കേന്ദ്രം. സുരക്ഷാ പരിശോധനയും മതിയായ അകലവും പാലിച്ചാണ് ഹൈഡല്‍ ടൂറിസത്തിന്റെ ബോട്ട് സര്‍വീസ് ഉള്‍പ്പെടെ നടത്തുന്നത്. എട്ട് മാസത്തിലേറെ അടഞ്ഞുകിടന്ന കക്കയത്തിന് സഞ്ചാരികളുടെ വരവ് തികഞ്ഞ പ്രതീക്ഷയാണ്. 

കക്കയത്തേക്ക് യാത്രയ്ക്കൊരുങ്ങുന്നവര്‍ ഓര്‍ക്കേണ്ട ചിലതുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയെത്തിയാലും പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപത്തി അഞ്ച് വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല. ഇവര്‍ക്കൊപ്പം എത്തുന്നവരും നിരാശരായി മടങ്ങേണ്ടി വരും. പരിശോധന കഴിഞ്ഞ് ഡാം സൈറ്റിലെത്തിയാല്‍ സകല കരുതലുമുണ്ട്. പ്രവേശനകവാടം തുടങ്ങി ബോട്ട് സര്‍വീസിലുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സൗകര്യം. വിവരശേഖരണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍. പ്രത്യേക പരിശീലനത്തോടെ ജീവനക്കാരും. 

ഏറെ നാളുകള്‍ക്ക് ശേഷം തുറന്ന കക്കയത്തേക്ക് സഞ്ചാരികള്‍ കൂടുതലായെത്തുന്നത് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. സൗകര്യങ്ങള്‍ മികവുറ്റതാക്കാന്‍ കെ.എസ്.ഇ.ബിയും വനംവകുപ്പും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. ടൂറിസം കേന്ദ്രത്തിന്റെ മുടക്കം വരാതെയുള്ള പ്രവര്‍ത്തനം ലക്ഷ്യമിട്ട് ഒരേസമയം ജോലിയിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.