സൈബര്‍ അതിക്രമങ്ങൾക്ക് ശിക്ഷ കടുപ്പിക്കുന്നു; അഞ്ചുവർഷം വരെ തടവ്

കേരള പൊലീസ് ആക്ടിലെ നിയമഭേദഗതിയിലൂടെ സൈബര്‍ അതിക്രമം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റമായി മാറും. സമൂഹമാധ്യമത്തിനൊപ്പം എല്ലാ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. വ്യാജവാര്‍ത്തകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.

യൂടൂബിലൂടെയുള്ള ലൈംഗിക അധിക്ഷേപത്തിനെതിരെ ഭാഗ്യലക്ഷമിയും കൂട്ടരും നടത്തിയ പരസ്യപ്രതിഷേധത്തോടെയാണ് സൈബര്‍ കേസുകളിലെ പോരായ്മകള്‍ ചര്‍ച്ചയായതും നിയമഭേദഗതിക്കായി പൊലീസ് ശുപാര്‍ശ നല്‍കിയതും.  118 A എന്ന വകുപ്പ് പൊലീസ് ആക്ടില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും നിയമത്തിന്റെ പരിധിയില്‍ വരും. ഇതിനായി സന്ദേശങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കൊപ്പം പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാവും. അഞ്ച് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ ആവും ശിക്ഷ. സൈബര്‍ അധിക്ഷേപം എന്ന് പൊതുവേ പറയുന്നെങ്കിലും വ്യാജപ്രചാരണങ്ങള്‍ മുഴുവന്‍ നിയമത്തിന്റെ പരിധിയില്‍ വന്നേക്കും.

പൊലീസ് ആക്ടില്‍ സൈബര്‍ കേസുകള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്താനാവില്ലെന്നാണ് നിയമോപദേശം. അതുകൊണ്ട് തന്നെ  മാധ്യമങ്ങളിലൂടെയുമുള്ള വ്യാജപ്രചാരണങ്ങള്‍ കുറ്റകരമാക്കുക എന്ന തരത്തിലാവണം ഭേദഗതിയെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അതോടെ വാര്‍ത്താമാധ്യമങ്ങളടക്കം നിയമത്തിന്റെ പരിധിയിലാവും. എന്നാല്‍ അഭിപ്രായസ്വാതന്ത്രം എന്ന ഭരണഘടനാവകാശം കണക്കിലെടുത്താവും ഭേദഗതിയെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ട്. നിയമവകുപ്പ് തയാറാക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കൈമാറും.