അതിരപ്പിള്ളി തുറക്കാന്‍ അനുമതിയില്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടും അതിരപ്പിള്ളി തുറക്കാന്‍ അനുമതിയില്ല. എട്ടു മാസമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ ഇനിയെങ്കിലും തുറന്നില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. 

അതിരപ്പിള്ളി വിനോദസ‍ഞ്ചാര കേന്ദ്രം അടച്ചതോടെ ഈ േമഖലയിലെ വഴിയോര കച്ചവടക്കാരും കടയുടമകളും റിസോര്‍ട്ട് ഉടമകളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ പത്താം തിയതില്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. പക്ഷേ, അതിരപ്പിള്ളിയിലും 

വാഴച്ചാലിലും തുമ്പൂര്‍മുഴിയിലും ഇതുനടപ്പായില്ല. അതേസമയം, ഏഴാറ്റുമുഖം വിനോദസഞ്ചാര കേന്ദ്രം തുറന്നിട്ടുമുണ്ട്. ആദിവാസി ഊരുകള്‍ക്ക് ഭീഷണിയാകുമെന്നാണ് കാരണമായി പറയുന്നത്. വിനോദസഞ്ചാര കേന്ദ്രം തുറന്നാലും വഴിയോര കച്ചവടം അനുവദിക്കില്ലെന്നാണ് ചട്ടം. ഇക്കാര്യത്തില്‍ തീരുമാനമായിട്ട് തുറന്നാല്‍ മതിയെന്നാണ് പ്രാദേശിക ഭരണ നേതൃത്വത്തിന്റെ നിലപാട്.