കോവിഡിനും തളർത്താനാവാത്ത പോരാട്ടം; ആംബുലൻസിലിരുന്ന് പിഎസ്‌സി എഴുതി യുവതി

ലോകം നേരിട്ട വലിയ പ്രതിസന്ധികളിലൊന്നാണ് കോവിഡ് കാലം. അതിന്റെ തീവ്രതയിൽ നിന്ന് പോരാടി ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. അതിജീവന പാതയില്‍ എല്ലാവർക്കും കരുത്താകുന്ന മാതൃക കാട്ടുകയാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ പിഎസ്‌സി പരീക്ഷയെഴുതിയ യുവതി. 

മാവേലിക്കര ചേപ്പാട് സ്വദേശിനിയാണ് ആംബുലൻസിലിരുന്നു പിഎസ്‌സി പരീക്ഷയെഴുതിത്. ഇൻവിജിലേറ്റർ വരാന്തയിൽ നിന്നു നിരീക്ഷിച്ചു. കോവിഡ് ബാധിതർക്കും പിഎസ്‌സി പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന തീരുമാനം അനുസരിച്ച് ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്എസ്എസിൽ ചൊവ്വാഴ്ചയായിരുന്നു അപൂർവമായ പരീക്ഷ. ഫുഡ് സേഫ്റ്റി ഓഫിസർ പരീക്ഷയാണു മാവേലിക്കരയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നെത്തിയ ഉദ്യോഗാർഥി എഴുതിയത്. 

24ന് ആണ് മാവേലിക്കര പിഎം ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുമ്പോൾ 26 നു രാത്രിയാണു കോവിഡ് ബാധിതർക്കു പിഎസ്‌സി പരീക്ഷ എഴുതാമെന്ന വാർത്തയറിഞ്ഞത്. സാഹചര്യം ചൂണ്ടിക്കാട്ടി 28നു രാവിലെ പിഎസ്‌സി ഓഫിസിലേക്ക് ഇ മെയിൽ അയച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പിഎസ്‌സി അധികൃതർ ഫോണിൽ വിളിച്ചു.

കറ്റാനം സ്വദേശി മോനിഷ് മോഹനായിരുന്നു ആംബുലൻസ് ഡ്രൈവർ. ചൊവ്വാഴ്ച രാവിലെ 9നു പുറപ്പെട്ട് ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിലെത്തി. സ്കൂളിലെ ഒരു കെട്ടിടത്തിനു സമീപം ആംബുലൻസ് എത്തിച്ചു. 10.30 മുതൽ 12.15 വരെയായിരുന്നു പരീക്ഷ. പരീക്ഷയിൽ വിജയിക്കുമോ എന്ന ആശങ്കയെക്കാൾ കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷയെഴുതാൻ ക്രമീകരണം ഒരുക്കിയ പിഎസ്‌സി ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശ്രമത്തെ നന്ദിയോടെ ഓർക്കാനാണ് ഇഷ്ടമെന്ന് ഉദ്യോഗാർഥി. കോവിഡ് കരുതലും ആരോഗ്യപ്രവർത്തകരുടെ അനാഥയുമെല്ലാം ചർച്ചയാകുമ്പോൾ പരീക്ഷയിൽ തുണയായതിൻറെ നേട്ടത്തിലാണ് പിഎസ്സി.