പൊളിക്കുന്നത് അതുമിതും പറഞ്ഞ് തിരിച്ചു വരാമെന്ന യുഡിഎഫ് അതിമോഹം: മണി

പാലാരിവട്ടം പാലത്തിനൊപ്പം െപാളിച്ച് തുടങ്ങുന്നത് യുഡിഎഫ് അഴിമതിക്കൂടാരവും അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹവുമാണെന്ന് മന്ത്രി എം.എം മണി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസവിമർശനം. ‘പൊളിക്കുന്നത് പാലാരിവട്ടം പാലമാണ്. പൊളിഞ്ഞു തുടങ്ങുന്നത് യുഡിഎഫ് അഴിമതിക്കൂടാരമാണ്, അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. പാലാരിവട്ടം ആവർത്തിക്കാൻ അവർ അനുവദിക്കില്ല.’ പൂജയ്ക്ക് പിന്നാലെ പാലം പൊളിച്ച് തുടങ്ങുന്ന ചിത്രം പങ്കിട്ട് അദ്ദേഹം കുറിച്ചു.

പാലത്തിന്റെ ടാറിങ്ങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റിയാണ് പൊളിക്കുന്നതിന് തുടക്കമിട്ടത്. ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബർ കോൺട്രാറ്റ്സ് സൊസൈറ്റിയാണ് നിർമാണജോലികള്‍ ചെയ്യുന്നത്.  സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പാലാരിവട്ടത്തെ അഴിമതി പാലം പൊളിച്ചുപണിയാനുള്ള നടപടികൾക്ക് തുടക്കമായത്. പൂജാകർമങ്ങൾക്ക് ശേഷം രാവിലെ ഒൻപത് മണിയോടെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പാലത്തിന് നടുവിലെ ടാറിങ്ങ് പൊളിച്ചു തുടങ്ങി. ഒരു ഭാഗത്ത ടാര്‍  ഇളക്കിമാറ്റികഴഞ്ഞാല്‍ ഗര്‍ഡറുകള്‍ ഡയമണ്ട് കട്ടറുകള്‍ ഉപയോഗിച്ച് സൂക്ഷ്മതയോടെ മുറിച്ചുമാറ്റും. പകരം ഡിഎംആർസി പണിയുന്ന പുതിയ ഗർഡറുകൾ സ്ഥാപിക്കും. പാലത്തിന്റെ 35 ശതമാനം ഭാഗമാണ് പൊളിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലായിരിക്കും ഗതാഗതനിയന്ത്രണം. 

രാത്രിയും പകലുമായി നിർമാണം പുരോഗമിക്കും. മെട്രോ മാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലെ വിദഗ്ധരായ എന്‍ജിനിയര്‍മാരും നിര്‍മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലെ തൊഴിലാളികളും ചേര്‍ന്നാണ് പാലം പൊളിച്ചുപണിയുന്നത്.