ഗവര്‍ണര്‍ അനുകൂല നിലപാട്: വി.ഡി.സതീശനെ തള്ളി കെ.മുരളീധരൻ; കടുത്ത ഭിന്നത

ഗവർണറുടെ കൊള്ളുന്നതിലും തള്ളുന്നതിലും യു.ഡി.എഫിലും കോൺഗ്രസിലും അടിമുടി ആശയക്കുഴപ്പം. സർവകലാശാല വി.സിമാരെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത വി.ഡി.സതീശനെ തള്ളി കെ.മുരളീധരൻ രംഗത്തെത്തി. എല്ലാ വിസിമാരെയും പുറത്താക്കിയാൽ പകരം ആരെയാണ് നിയമിക്കാൻ പോകുന്നതെന്ന ആശങ്കയുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ യുഡിഎഫിലെ ആശയക്കുഴപ്പം കൂടുതൽ വെളിച്ചത്തായി. 

വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിൽ ഒറ്റ നിലപാടിലേക്ക് എത്താനാകാതെ കുഴഞ്ഞുമറിയുകയാണ് യു.ഡി.എഫ്. ഗവർണറെ പിന്തുണച്ച് വി.ഡി.സതീശനും കെ.സുധാകരനും രമേശ് ചെന്നിത്തലയും ഒരുവശത്തും ഗവർണർ കാവിവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് എതിർപ്പുമായി കെ.സി.വേണുഗോപാലും കെ.മുരളീധരനും മറുവശത്തും നിലയുറപ്പിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി.

ഗവർണറുടെ നടപടികളിൽ മുസ്ലിംലീഗും കൂടി ആശങ്ക പ്രകടിപ്പിച്ചതോടെ മുന്നണിയും രണ്ടുതട്ടിലായി. പ്രതിപക്ഷം പലസ്വരത്തിൽ സംസാരിക്കുമ്പോൾ അത് ആയുധമാക്കുകയാണ് സി.പി.എമ്മും. 

അതേസമയം, മുഖ്യമന്ത്രിയും സി.പി.എമ്മും ഒരുക്കിയ കാവിവൽക്കരണക്കെണിയിൽ ഒരുവിഭാഗം വീണെന്നാണ് വി.ഡി. സതീശൻ കരുതുന്നത്. വിഷയാധിഷ്ഠിതമായി കാര്യങ്ങൾ കാണമെന്ന് വാദിക്കുന്ന സതീശൻ, മന്ത്രിമാർക്കെതിരെ നടപടിയെടുക്കുമെന്ന് ഗവർണർ ഭീഷണിമുഴക്കിയപ്പോൾ പ്രതിപക്ഷം എതിർത്തത് ഓർമിപ്പിക്കുന്നു. 

സ്വജനപക്ഷപാതം ഉൾപ്പെട്ട സർവകലാശാല വിഷയത്തിൽ അങ്ങനെ എതിർക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിഷയത്തിൽ അഭിപ്രായ ഐക്യത്തിനായി നേതാക്കൾക്കിടയിൽ ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. 

K. Muralidharan rejects V.D. Satheesan's stance