ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി വീണ്ടും ഇടതുമുന്നണി; മൂന്ന് സാധ്യതകൾ

ഗവര്‍ണര്‍ക്കെതിരായ നിലപാട് കടുപ്പിക്കാന്‍ വീണ്ടും ഇടതുമുന്നണി യോഗം ചേരും. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതടക്കം പരിഗണനയിലുണ്ടെങ്കിലും നിലവിലെ സമരപരിപാടികളുടെ ഫലം വിലയിരുത്തി മാത്രമാകും തുടര്‍നീക്കം. പ്രത്യക്ഷ സമരങ്ങള്‍ക്കപ്പുറം സര്‍ക്കാരിനും ഇടതുമുന്നണിക്കും മുന്നില്‍ ഇനി മൂന്ന് സാധ്യതകള്‍; 

1. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുക

2. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നല്‍കുക

3. നിയമസഭ വിളിച്ച് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുക

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന നടപടി ഒട്ടും എളുപ്പമല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം, സമയവുമെടുക്കും. മറ്റു രണ്ടുനടപടികളും എളുപ്പമാണെങ്കിലും കാര്യമായ പ്രയോജനമില്ല. പക്ഷേ ഗവര്‍ണര്‍ കഴിഞ്ഞദിവസത്തേതുപോലെയുള്ള കടുംവെട്ട് തീരുമാനങ്ങള്‍ തുടര്‍ന്നാല്‍ വെറുതെ വിടരുതെന്ന ആലോചന ഇടതുമുന്നണിയിലുണ്ട്. തല്‍ക്കാലം നിലവില്‍ പ്രഖ്യാപിച്ച പ്രത്യക്ഷ സമരങ്ങള്‍ നടക്കട്ടെ എന്നാണ് ധാരണ. ഒപ്പം ഗവര്‍ണറുടെ തീരുമാനങ്ങള്‍ ബാധിക്കുന്നവര്‍ എടുക്കുന്ന നിയമനടപടികളും തുടരും. 

ഇക്കാര്യങ്ങളോട് ഗവര്‍ണര്‍ എങ്ങനെ പ്രതികരിക്കും എന്നത് സൂക്ഷ്മമായി നിരീക്ഷിക്കും. ഗവര്‍ണറുടെ നടപടിയോടുള്ള പ്രതിപക്ഷത്തെ ഭിന്നത രാഷ്ട്രീയനേട്ടമായാണ് ഇടതുമുന്നണി കാണുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവര്‍ണര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന പ്രചാരണമാണ് പ്രതിപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. 

15ന് രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രത്യക്ഷസമരത്തോടെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരുമെന്ന് ഇടതുനേതാക്കള്‍ കരുതുന്നു. ഇതിനിടെ ഇടതുമുന്നണി യോഗം വീണ്ടും ചേര്‍ന്ന് തുടര്‍നടപടികളില്‍ തീരുമാനമെടുക്കാനാണ് ധാരണ.