‘സൈബർ അഡ്മിൻ ആകാതെ ക്യാപ്സൂളിൽ ശ്രദ്ധിക്കൂ’; റിയാസിന് ശബരിയുടെ ഉപദേശം

യുഡിഎഫ് കൺവീനറാകാൻ ആർഎസ്എസ് തലവൻ യോഗ്യനാണെന്ന മുഹമ്മദ് റിയാസിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.എസ് ശബരിനാഥൻ. കുറച്ച് കാലമായി കേരളത്തിലുള്ള അഖിലേന്ത്യാ ഡിവൈഎഫ്ഐ നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പെരുമാറുന്നതെന്ന് ശബരി തിരിച്ചടിച്ചു. യുഡിഎഫിന്റെ കാര്യം ഓർത്ത് വ്യാകുലപ്പെടാതെ കേന്ദ്ര അന്വേഷണങ്ങളും പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളും അടക്കമുള്ള വിഷയങ്ങളെ പ്രതിരോധിക്കാനുള്ള ക്യാപ്സൂളുകൾ തയാറാക്കാൻ ശ്രദ്ധിക്കാനും ശബരി ഉപദേശിക്കുന്നു.

കുറിപ്പ് വായിക്കാം: 

പ്രിയപ്പെട്ട ശ്രീ മുഹമ്മദ് റിയാസ്,

കുറച്ചു കാലമായി അങ്ങയെ പോലെയുള്ള കേരളത്തിലുള്ള അഖിലേന്ത്യാ DYFI നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പ്രതികരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് അങ്ങയുടെ ഇന്നത്തെ പോസ്റ്റ്.നിങ്ങൾ എന്തായാലും യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ നമുക്കറിയാം.

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും / കുടുംബവും കസ്റ്റമസ്, NIA, എൻഫോസ്‌മെന്റ്, CBI, സ്റ്റേറ്റ് പോലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണ് എന്നുള്ളത് അറിയാമല്ലോ. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു.ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ അങ്ങ് ശ്രദ്ധചെലുത്തുക. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണ്. അങ്ങേയ്ക്ക് അതിനു കഴിയും, അങ്ങേയ്ക്കേ അതിനു കഴിയൂ.