വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് അപകടം; കലക്ടർ നേരിട്ടെത്തി

ശക്തമായ കാറ്റിലും മഴയിലും കോതമംഗലം ഇല്ലമല്ലൂരിൽ വൻ നാശനഷ്ടം. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു, ആളപായമില്ല. ആലുവയിൽ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കലക്ടർ എസ്. സുഹാസ് സന്ദർശിച്ചു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഇല്ലമല്ലൂർ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരങ്ങൾ കടപുഴകി വീണത്. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കോതമംഗലത്ത് നിന്നും അഗ്നിശമന സേനയെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. പ്രദേശത്ത് ഗതാഗതം പുനസ്ഥാപിച്ചു. വീടുകളുടെ മുകളിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റി.

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ആലുവ എടത്തല പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളാണ് ജില്ലാ കലക്ടർ എസ്.സുഹാസ് സന്ദർശിച്ചത്. വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും നാശനഷ്ടം തിട്ടപ്പെടുത്തിയതായും കലക്ടർ പറഞ്ഞു.  ഏഴ് വീടുകൾക്കാണ് ഇവിടെ നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകൾ പൂർണ്ണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു.