റോഡോ ചെളിപ്പറമ്പോ?; മന്ത്രി മണ്ഡലത്തിൽ നടുവൊടിക്കും ദേശീയപാത

കഴക്കൂട്ടത്തെ ദേശീയപാത കണ്ടംപോലെ ചെളിയില്‍ മുങ്ങിയിരിക്കുകയാണ്. എലിവേറ്റഡ് ഹൈവേ നിര്‍മാണ ജോലികള്‍ ഇഴയുന്നതാണ് റോഡിലെ ചെളിക്കുണ്ടും വെള്ളക്കെട്ടും നിറയാന്‍ ഇടയാക്കിയത്. മന്ത്രിമണ്ഡലത്തിലെ റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടും നടപടികള്‍ മാത്രമില്ല.

കഴക്കൂട്ടത്തെ റോഡിലൂടെ ബൈക്കില്‍ പോയെന്ന ഒറ്റ തെറ്റേ കാട്ടായിക്കോണം സ്വദേശിയായ ഷാജി അഹമ്മദ് ചെയ്തതുള്ളു. വഴിയാത്രക്കാരനായ മറ്റൊരു യുവാവ് സഹായിച്ചതുകൊണ്ടാണ് ആ ചെളിക്കുണ്ടില്‍ നിന്ന് രക്ഷപെട്ടത്.

കുഞ്ഞന്‍ ബൈക്ക് മാത്രമല്ല, വലിയ ലോറി പോലും പെട്ടുപോകും. അന്നേരം വഴിയാത്രക്കാരല്ല, മണ്ണുമാന്തി യന്ത്രം വരെ വേണം രക്ഷിച്ചെടുക്കാന്‍.

ഇനി കാല്‍നട യാത്രക്കാരുടെ കാര്യം. ബസില്‍ വന്നിറങ്ങുന്നത് പോലും ചെളിക്കുണ്ടിലേക്കാണ്.ഇത് ഏതേലും കാട്ടുമുക്കിലെ റോഡാണെന്ന് കരുതരുത്. തലസ്ഥാനത്തേക്ക് വരുന്ന കഴക്കൂട്ടത്തെ ദേശീയപാതയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിലെ ഏറ്റവും പ്രധാന റോഡ്. എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ ഇരുവശത്തൂടെയാണ് യാത്ര. നിര്‍മാണം വൈകുംതോറുമാണ് പ്രതിപക്ഷ കക്ഷികള്‍ പലവിധ സമരം നടത്തി.ദുരിതം ഏറിയേറി വരുകയാണ്.