അതിഥി തൊഴിലാളികളില്ലാതെ വലഞ്ഞ് മത്സ്യബന്ധന മേഖല; ലക്ഷങ്ങളുടെ നഷ്ടം

അതിഥി തൊഴിലാളികളില്ലാതെ വലഞ്ഞ് കോഴിക്കോട്ടെ മല്‍സ്യബന്ധന മേഖല. ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും നൂറ്റി അമ്പതോളം ബോട്ടുകള്‍ക്ക് ഇപ്പോഴും കടലില്‍ പോകാനാകുന്നില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ബോട്ടുടമകള്‍ക്കുണ്ടാകുന്നത്. തദ്ദേശ തൊഴിലാളികളാകട്ടെ പട്ടിണിയിലുമാണ്. 

ബേപ്പൂര്‍ തുറമുഖത്ത് ആറുമാസത്തിലധികമായി ഹാര്‍ബറിനോട് ചേര്‍ന്ന് ഇങ്ങനെ കെട്ടിയിട്ടിരിക്കുകയാണ് ബോട്ടുകള്‍. കോവിഡിന് പിന്നാലെ ട്രോളിങ് നിരോധനം കൂടി വന്നതോടെ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേയ്ക്ക് മടങ്ങി. ഭൂരിഭാഗം പേരും തിരിച്ചെത്തിയില്ല. ഇതാണ് തിരിച്ചടിയായത്. 

പലയിടത്തും തീരമേഖലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. അതിനാല്‍  കടുത്ത നിയന്ത്രണമാണ് തീരമേഖലകളില്‍ എങ്ങും. എന്നാല്‍ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ചെറിയ ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം.  ഒരു ബോട്ട് കടലില്‍ പോകണമെങ്കില്‍ 12 തൊഴിലാളികളെങ്കിലും വേണം. എന്നാല്‍ ഒരോ ബോട്ടിലും നിലവില്‍ നാലോ അഞ്ചോ തദ്ദേശീയരായ തൊഴിലാളികള്‍ മാത്രമേ ഉള്ളൂ. ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്തത് മൂലം ഐസ് ഫാക്ടറികളക്കമുള്ള അനുബന്ധ വ്യവസായങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.