വെളിച്ചം മങ്ങി, ശബ്ദം ഇടറി; അതിജീവനത്തിന്‍റെ വിത്തിൽ പ്രതീക്ഷയുടെ നാമ്പുകൾ

കോവിഡിന്റെ കെട്ടകാലത്ത് കൃഷിയിലൂടെയുള്ള ഒരു അതിജീവനത്തിന്‍റെ കഥയാണ് ഇനി. ലൈറ്റ് ആന്‍റ് സൗണ്ട് സ്ഥാപനം നടത്തുകയായിരുന്നു  മലപ്പുറം ചങ്ങരംകുളം സ്വദേശികളായ അഷ്റഫും അക്ബറും.  കോവിഡില്‍ സ്ഥാപനത്തിനു പൂട്ടുവീണതോടെ ഇരുവരും ചേര്‍ന്ന്  കൂര്‍ക്ക കൃഷി തുടങ്ങി.  വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന കൂര്‍ക്കച്ചെടികള്‍ പ്രതീക്ഷയുടെ നാമ്പുകളാണ് ഇവര്‍ക്ക്. 

അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. 

നാടകവേദികള്‍ക്ക് ശബ്ദവും വെളിച്ചവുമായിരുന്ന അഷ്റഫിന്റെ ജീവിതം നാടകത്തിന് പറ്റിയ കഥയാണെങ്കിലും ഇത് നാടകമല്ല, ജീവിതമാണ്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയുടെ കൊയ്ത് കാലം ലോക്ഡൗണില്‍ കുടുങ്ങിയതോടെ അഷ്റഫിന്റെയും ശബ്ദം ഇടറി, വെളിച്ചം മങ്ങി. ഇതോടെയാണ് ഇലക്ട്രീഷ്യനായ സുഹൃത്ത് അക്ബറിനെയും കൂട്ടി ചാലശേരിയിലെയും വളയംകുളത്തെയും തരിശുകിടന്ന മൂന്നരയേക്കറില്‍ അതിജീവത്തിന്റെ വിത്തുകള്‍ പാകിയത്.

മഹാമാരിയുടെ കാലം മാറിയാലും കൃഷിയെ തുടര്‍ന്നുള്ള ജീവിതത്തിലും ചേര്‍ത്തുപിടിക്കാനാണ് ഇരുവരുടെയും തീരുമാനം.