പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന സംഭവം; എന്‍എച്ച്എഐ അന്വേഷണം തുടങ്ങി

കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന നിട്ടൂര്‍ പാലം തകർന്നതില്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങി. ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേ യുടെ നേതൃത്വത്തിലാണ് അന്വേഷണം. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് പാലം തകർന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസും ബിജെപിയും. അതേസമയം നിട്ടൂര്‍ പാലം തകര്‍ന്നതിനെ പരിഹസിച്ച് പാലാരിവട്ടം പാലത്തിന്‍റെ ചിത്രം മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു

പൂർത്തിയായ മൂന്ന് ബീമുകളും നിർമിച്ചു കൊണ്ടിരിക്കുന്ന ഒരു ബീമുമാണ് തകർന്ന് വീണത്. ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേ സ്ഥലം സന്ദർശിച്ചു. വെള്ളം ക്രമാതീതമായി ഉയർന്നതിനാൽ ബീമിനെ താങ്ങി നിർത്തിയിരുന്ന ക്രിബുകൾ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിർമാണത്തിൽ അപാകതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ശേഷമാകും പുനർ നിർമാണം. 

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ തലശേരിയിലെ ദേശീയപാത അതോറിറ്റി ഓഫിസ് ഉപരോധിച്ചു.