പാമ്പുകൾ ഒഴുകിയെത്തുന്നു, കിണറുകള്‍ ഇടിഞ്ഞു താഴുന്നു; കുട്ടനാടിന്റെ ദുരിതം തീരുന്നില്ല

കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ പാമ്പുകൾ കുട്ടനാട്ടുകാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മിത്രക്കരി സ്രാമ്പിക്കൽ വട്ടച്ചിറ ജോജിയുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് 8 അടി നീളവും നാൽപതോളം കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെയാണു പിടികൂടിയത്. 3 ദിവസമായി കോഴിക്കൂട്ടിൽ കുടുങ്ങിയ പാമ്പ് 2 കോഴികളെ തിന്നു.

റാന്നി ഫോറസ്റ്റ് ഓഫിസിൽനിന്ന് ആളെത്തിയാണു പാമ്പിനെ പിടികൂടിയത്. വിഷപ്പാമ്പുകളായ മൂർഖൻ, അണലി തുടങ്ങിയ ഇനങ്ങളും കുട്ടനാട്ടിൽ വ്യാപകമാണ്. അടുത്തിടെ രാമങ്കരിയിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവവും ഉണ്ടായി. വെള്ളപ്പൊക്ക ശേഷം ബന്ധുവീടുകളിലും ക്യാംപുകളിലും കഴിയുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.      

മണ്ണിൽ താഴ്ന്ന് കിണറുകൾ

എടത്വ ∙ ജലനിരപ്പ് താഴ്ന്നു തുടങ്ങിയപ്പോൾ വീടുകൾ തകരുകയും വിണ്ടുകീറുകയും ചെയ്യുന്നതിനു പുറമേ കിണറുകളും താഴുന്നു.  തായങ്കരി കളത്തിൽ ഗർവാസീസ് മാത്യുവിന്റെ വീട്ടിലെ കിണർ അരയടി ചരിഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം തലവടി പഞ്ചായത്ത് കോടമ്പനാടി മാരാവീട്ടിൽ കുഞ്ഞുമോന്റെ വീടിന്റെ ഭാഗങ്ങൾ ഇടി‍ഞ്ഞുവീണിരുന്നു. എടത്വ കോയിൽമുക്ക് മുപ്പത്തഞ്ചിൽചിറ എം.പി.നടരാജൻ റീബിൽഡ് കേരള പദ്ധതി പ്രകാരം വീട് പുനർ നിർമിക്കാൻ ഇറക്കിയ സാധനങ്ങൾ ഒഴുകിപ്പോയി. 

2018ലെ പ്രളയസമയത്ത് കുട്ടനാട്ടിൽ ഒട്ടേറെ വീടുകളാണ് പൂർണമായും ഭാഗികമായും തകർന്നത്. അന്ന് അറ്റകുറ്റപ്പണി നടത്തിയ വീടുകൾക്കു വരെ നഷ്ടമുണ്ടായി. മഴയിലും കാറ്റിലുംപെട്ട് ചെറുതന പഞ്ചായത്ത് പോച്ച ഭാഗത്ത് 3 വീടുകൾക്കു മുകളിൽ മരം വീണിരുന്നു. വെള്ളം കയറിയ വീടുകൾക്ക് 10000 രൂപ നഷ്ടപരിഹാരമായി കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് അനുവദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറയുന്നു.