ട്രോളിങ് നിരോധനം അവസാനിക്കാറായി; കേരളതീരം ആശങ്കയിൽ

അന്‍പത്തി രണ്ട് ദിവസത്തെ ട്രോളിങ് നിരോധനം മറ്റന്നാള്‍ അര്‍ധരാത്രി അവസാനിക്കുമെങ്കിലും കടലില്‍ പോകാന്‍ കഴിയുമോയെന്ന ആശങ്കയില്‍ കേരള തീരം. കോവിഡ് മൂലം മിക്കയിടങ്ങളിലെയും ഹാര്‍ബറുകള്‍ പൂട്ടിയതും മത്സ്യവില്‍പന നിരോധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.

ലോക് ഡൗണിന് പിന്നാലെ ന്യൂനമര്‍ദം. തുടര്‍ച്ചയായി ട്രോളിങ് നിരോധനം. അങ്ങനെ നാലുമാസത്തെ വറുതിക്കാലമാണ് തീരത്തുകൂടി കടന്നുപോയത്. ഇപ്പോള്‍ മീന്‍പിടിക്കാന്‍ കാലാവസ്ഥ അനുകൂലമാണെങ്കിലും കരയിലെ ആരോഗ്യകാലാവസ്ഥ വളരെമോശം. മീനുമായി കരയിലെത്തിയാല്‍ വില്‍ക്കാനിടമില്ല. 

പലയിടങ്ങളിലും ചില്ലറ വില്‍പന നിരോധിച്ചിരിക്കുകയാണ്. കയറ്റുമതി കുറഞ്ഞതോടെ മൊത്തവില്‍പന സാധ്യതയും അടഞ്ഞു.

നിരോധനം നീങ്ങാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം. ഇനി മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയാല്‍ തന്നെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും ആവശ്യമുണ്ട്.