മെഡി.കോളെജുകളിൽ ഇതരവിഭാഗത്തിലും കോവിഡ്; നിറയുന്ന ആശങ്ക

സംസ്ഥാനത്ത്  മെഡിക്കല്‍ കോളജ് ആശുപത്രികളില്‍  കോവിഡ് ഇതരവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക്  കോവിഡ് സ്ഥിരീകരിക്കുന്നതിന്റെ ആശങ്കയില്‍ ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കല്‍ കോളജില്‍ അഞ്ചുപേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതോടെ ആശുപത്രികളിലെ  കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റീനില്‍ കഴിയേണ്ട സ്ഥിതിയാണുള്ളത് ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് വാർഡുകളിലായി പ്രവേശിപ്പിച്ച രണ്ട് ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്കാണ്  കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗം. 

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല.  വാർഡുകളിൽ പ്രവേശിപ്പിച്ച  60 ഗർഭിണികൾ അടക്കം 90 പേരെ നിരീക്ഷണത്തിലാക്കിയ ശേഷം വാർഡ് അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ നഴ്സുമാരോടും 

ജീവനക്കാരോടും സ്വയം മാറി നിൽക്കാൻ നിർദേശം നൽകി. സസർക്കപട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  രോഗം സ്ഥിരീകരിച്ചത്. എന്‍ഡോസ്കോപ്പിക്ക് മുന്‍പ് നടത്തിയ പരിശോധനയിലായിരുന്നു ഇത്. തുടര്‍ന്നാണ് 9 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.രണ്ടു രോഗികള്‍ക്ക്  രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഇരുപത്തിനാലുപേര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. ഇതോടെ മുപ്പത്തി മൂന്ന് ആരോഗ്യപ്രവര്‍ത്തകരാണ് രണ്ടു ദിവസത്തിനിടെ നിരീക്ഷണത്തില്‍ പോയത്.