കോഴിക്കോട് അതിവേഗ റയില്‍ പദ്ധതി; ചേമഞ്ചേരിയില്‍ പ്രതിഷേധം

അതിവേഗ റയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് ചേമഞ്ചേരിയില്‍ പ്രതിഷേധം. വെങ്ങളത്തിനും കാട്ടില്‍പീടികയ്ക്കും ഇടയിലുള്ള കുടുംബങ്ങളാണ് വീടുകളില്‍ പന്തം കൊളുത്തി പ്രതിഷേധ ജ്വാല തീര്‍ത്തത്. കോവിഡ് മാനദണ്ഡം പാലിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളികളായി.  

നിലവിലെ അലൈന്‍മെന്റ് പ്രകാരം വെങ്ങളം, കാട്ടില്‍പ്പീടിക, കോരപ്പുഴ മേഖലയില്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിയേണ്ടി വരും. പലര്‍ക്കും ആകെയുള്ളത് നിലവില്‍ താമസിക്കുന്ന മണ്ണ് മാത്രം. രണ്ടിനും പത്ത് സെന്റിനുമിടയില്‍ മാത്രം ഭൂമിയുള്ള കുടുംബങ്ങളാണ് കൂടുതലും കുടിയൊഴിയേണ്ടവരുടെ 

പട്ടികയില്‍പ്പെടുന്നത്. വേണ്ടത്ര പഠനം നടത്താതെയുള്ള പദ്ധതി ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കി പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇരുന്നൂറ്റി അന്‍പതിലധികം കുടുംബങ്ങളിലെ ആയിരത്തിലധികമാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പതിനഞ്ച് മിനിറ്റ് ലൈറ്റണച്ച് പന്തം കത്തിച്ചുള്ള 

സമരം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് ഇവരുടെ വിശ്വാസം. വീണ്ടും പഴയനിലപാട് തുടര്‍ന്നാല്‍ അനിശ്ചിതകാല സമരമുള്‍പ്പെടെ തുടങ്ങാനാണ് തീരുമാനം.