അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് വേണം; പെൺമക്കളുമായി കണ്ണീരോടെ ഒരു കുടുംബം

ടാര്‍പോളിന്‍ കൂര കാറ്റില്‍ നിലംപൊത്താതിരിക്കാന്‍ മരങ്ങളില്‍ കയര്‍ കെട്ടിയുള്ള സുരക്ഷ. പ്രാഥമികാവശ്യം നിര്‍വഹിക്കണമെങ്കില്‍ അടുത്ത വീട്ടുകാരുടെ സൗകര്യം നോക്കണം. ലൈഫ് മിഷന്‍ വഴിയുള്ള വീടിനായി നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും കോഴിക്കോട് ഒറവില്‍ സ്വദേശി രതീഷും കുടുംബവും ഇപ്പോഴും അധികൃതരുടെ കണ്ണില്‍പ്പെട്ടിട്ടില്ല. 

ഈ തേങ്ങല്‍ അടച്ചുറപ്പുള്ള വീടിന് വേണ്ടിയാണ്. മഴ പെയ്താല്‍ ഉണര്‍ന്നിരുന്നും ഇഴജന്തുക്കളെ പേടിച്ചും ഇവര്‍ ഷീറ്റിന് കീഴെ കഴിയാന്‍  തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലധികമായി. ശുചിമുറിയില്ലാത്തതിനാല്‍ പ്രാഥമികാവശ്യത്തിന് സമീപ വീടുകളെയാണ് ആശ്രയിക്കുന്നത്. ഷീറ്റ് പുര കാറ്റെടുക്കാതിരിക്കാന്‍ തെങ്ങില്‍ കയര്‍ കെട്ടിയുള്ള സുരക്ഷ. മൂന്ന് സെന്റിന് ഉടമയായ രതീഷും കുടുംബവും ലൈഫ് മിഷന്‍ പദ്ധതിയുടെ അകത്തല്ല. പുറത്താണ്. നിരവധി തവണ ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും നേരിട്ട് അപേക്ഷ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. 

കൂരയെന്ന ആഗ്രഹത്തില്‍ പ്രതീക്ഷയറ്റവരുടെ സഹായ പദ്ധതിയാണ് ലൈഫ് മിഷന്‍. അങ്ങനയെങ്കില്‍ രണ്ട് പെണ്‍കുട്ടികളടങ്ങുന്ന നാലംഗ കുടുംബത്തിന് ഏത് തടസം നീക്കിയും അടച്ചുറപ്പുള്ള വീടുണ്ടാകേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. ഇവര്‍ക്കും സുരക്ഷിതമായി കഴിയണം