‘ട്രിപ്പിൾ’ കടന്ന് എങ്ങനെ ബെംഗളൂരുവില്‍? പിണറായി മറുപടി പറയണം; സുരേന്ദ്രൻ

ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെയാണ് സ്വപ്ന സംസ്ഥാനം വിട്ടുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിെജപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്നും. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഏറ്റെടുത്തു 48 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ എൻഐഎ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. 

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും കസ്റ്റഡിയിലാകുന്നത് അല്‍പസമയം മുന്‍പാണ്.  ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. നാളെ കൊച്ചിയില്‍ എത്തിക്കുമെന്ന് സൂചന.  സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. 

ഫോണ്‍വിളിയില്‍ നിന്നാണ് എൻഐഎ സംഘത്തിന് തുമ്പു ലഭിച്ചത്. ഫോണ്‍ ചോര്‍ത്തിയാണ് എൻഐഎ സ്വപ്നയെ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് നിര്‍ണായകമായത്.