കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള അനുമതി വൈകില്ല; തോക്കുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു

കോഴിക്കോട് താമരശ്ശേരി റേ‍ഞ്ചിലെ മുഴുവന്‍ ഇടങ്ങളിലും കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിയുതിര്‍ക്കാനുള്ള അനുമതി വൈകില്ലെന്ന് വനംവകുപ്പ്. പുതുപ്പാടി പഞ്ചായത്തില്‍ തോക്ക് ലൈസന്‍സുള്ളവരുടെ പട്ടിക വനംവകുപ്പ് ശേഖരിച്ചു. കര്‍ഷകരുടെ വിളകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്. 

റേഞ്ചില്‍പ്പെടുന്ന കോട‍ഞ്ചേരിയിലെ കര്‍ഷകര്‍ക്കാണ് വെടിയുതിര്‍ക്കാനുള്ള ആദ്യ അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. മറ്റ് പഞ്ചായത്തുകളും തീരുമാനം വേഗത്തിലാക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടു. തോക്കിന് ലൈസന്‍സുള്ളവരെ 

കിട്ടാത്തതായിരുന്നു പ്രതിസന്ധി. കാട്ടുപന്നി ശല്യം ഏറെയുള്ള പുതുപ്പാടി പഞ്ചായത്തില്‍ കഴിഞ്ഞദിവസം ജാഗ്രതാസമിതി ചേര്‍ന്ന് വനംവകുപ്പ് കൃത്യമായ നിര്‍ദേശം നല്‍കി. ലൈസന്‍സുള്ളവരുടെ പട്ടിക പഞ്ചായത്ത് അധികൃതര്‍ വനംവകുപ്പിന് കൈമാറി. രേഖകള്‍ വേഗം പരിശോധിച്ച് അനുമതി നല്‍കും.  

വന്യമൃഗശല്യം തടയാന്‍ വനംവകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കര്‍ഷകരുടെ പരാതി വേഗം പരിഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സുള്ള തോക്കുമായി കര്‍ഷകരെക്കിട്ടാന്‍ പ്രതിസന്ധിയുണ്ടെങ്കില്‍ പൊലീസിലെയും വനംവകുപ്പിലെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍ൈകയ്യെടുക്കും.