‘അതേ, അവർ മിടുക്കരാണ്’; വിജയ ശതമാനം കൂടിയതിനെ അഭിനന്ദിച്ച് അബ്‍ദുറബ്

‘എസ്എസ്എൽസി പരീക്ഷയിൽ 98.82 ശതമാനം വിജയം. അതേ അവർ മിടുക്കരാണ്. വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ..’ മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‍ദുറബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. കൃത്യമായ രാഷ്ട്രീയ മറുപടി എന്ന കമന്റുമായി ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അന്ന് കുട്ടികളുടെ മിടുക്കിനെ അംഗീകരിക്കാതെ അബ്‍ദുറബിനെ പരിഹസിച്ചവർ ഇപ്പോൾ എന്തു പറയുന്നു എന്ന മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റ്. 

പരീക്ഷയെഴുതിയ 98.82 ശതമാനമാനം പേരും ഇത്തവണ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം ഇത്തവണ കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു.റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1770പേരിൽ 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 76.61. ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനം തിട്ട – 99.71. കുറവ് വയനാട് – 95.04 ശതമാനം. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് – 100 ശതമാനം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം. കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. 2736 പേർക്ക് എ പ്ലസ് ലഭിച്ചു. 1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.