ബില്‍തുക കൂടി: വൈദ്യുതി ബോര്‍ഡിൽ പരാതി പ്രവാഹം; പരിഹാരം കാണണമെന്ന് ജനങ്ങൾ

വൈദ്യുതി ബോര്‍ഡിന്റെ മേഖലാ ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങളിലും ബില്‍തുക കൂടിയെന്ന പരാതി പ്രവാഹം. അതത് സെക്ഷന്‍ ഓഫിസുകളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ഉപഭോക്തൃഫോറത്തിന് ഇടപെടാനാകൂ. ലഭിക്കുന്ന പരാതികളിലേറെയും സെക്ഷന്‍ ഓഫിസുകളില്‍ തന്നെ പരിഹരിച്ചുവരികയാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ബില്‍തുകയിലെ വര്‍ധനയെക്കുറിച്ച് നൂറുകണക്കിന് പരാതികളാണ് മേഖലാ ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങളില്‍ ലഭിക്കുന്നത്. ഏറെയും ഫോണിലൂടെയാണെന്ന് മാത്രം. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട , കോട്ടയം ജില്ലകളിലെ പരാതികള്‍ കൊട്ടാരക്കരയിലെ കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രെസല്‍ ഫോറം അഥവാ സി.ജി.ആര്‍.എഫ് കേന്ദ്രത്തിലാണ് നല്‍കേണ്ടത്. ഫോണ്‍ നമ്പര്‍ 0474 2431300

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലെ പരാതികള്‍ നല്‍കേണ്ടത് കോഴിക്കോട്ടെ സിജിആര്‍എഫ് കേന്ദ്രത്തിലാണ്. ദിവസേന നൂറുകണക്കിന് പേര്‍ ഫോണിലൂടെ പരാതിപറയുന്നുണ്ടെങ്കിലും  രേഖാമൂലം ലഭിച്ചത് രണ്ടെണ്ണം മാത്രമെന്നും കേന്ദ്രം മേധാവി അറിയിച്ചു.  ഫോണ്‍- 0495 2367820

ഇപ്പോള്‍ കിട്ടുന്ന പരാതികളിലേറെയും സെക്ഷന്‍ ഓഫിസുകളില്‍ തന്നെ പരിഹരിച്ചുവരികയാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. നല്‍കുന്ന ബില്ലില്‍ കുറെക്കൂടി വ്യക്തതവരുത്താനും ആലോചനയുണ്ട്.