പുൽപ്പള്ളിക്ക് പിന്നാലെ ബത്തേരിയിലും വന്യമൃഗാക്രമണം; വേണം റെയിൽ ഫെൻസിങ്

വയനാട് പുൽപ്പള്ളിക്ക് പുറമേ ബത്തേരിയിലും വന്യമൃഗങ്ങൾ നിരന്തരം കാടിറങ്ങി കർഷകർക്ക് കനത്ത നഷ്ടം വരുത്തുന്നു. ബത്തേരി കട്ടയാട് കർഷകർ  കാവലിരുന്ന് സംരക്ഷിച്ച നൂറുകണക്കിന് നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം  ഇല്ലാതാക്കിയത്. അപേക്ഷകൾ നൽകിയിട്ടും നഷ്ടപരിഹാരവും കർഷകർക്ക്  കൃത്യമായി ലഭിക്കുന്നില്ല. 

പാട്ടത്തിനെടുത്തും നല്ല മുതൽമുടക്കിയുമാണ് വാഴക്കൃഷി. വന്യമൃഗങ്ങൾ ഇറങ്ങുന്നത് കൊണ്ട് രാത്രി കാവലിരുന്നാണ് കഴിഞ്ഞ ദിവസം രാത്രി വരെ സംരക്ഷിച്ചത്. പക്ഷെ ഒന്നു കണ്ണുതെറ്റിയപ്പോൾ നൂറുകണക്കിന് കുലച്ച വാഴകൾ  ഇല്ലാതായി. വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങുകൾ കൂടി നശിപ്പിച്ചാണ് മടങ്ങിയത്. നേരത്തേയുണ്ടായ സമാന കൃഷി നാശത്തിന് നഷ്ടപരിഹാരം പോലും ലഭിച്ചിരുന്നില്ല. 

സമീപപ്രദേശങ്ങളിൽ റെയിൽ ഫെൻസിങ് സംവിധാനം ആവിഷ്‌ക്കരിക്കുന്നുണ്ട്. അത് കൂടുതൽ കൃഷിയിടങ്ങളെ ഉൾപ്പെടുത്തുന്ന തരത്തിൽ വിപുലപ്പെടുത്തണം എന്നാണ് കർഷകരുടെ ആവശ്യം.