നിത്യചെലവിന് വകയില്ല; ട്രോളിങ് നിരോധന ദിനങ്ങൾ കുറയ്ക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍

തുടര്‍ച്ചയായി വരുമാനംമുടങ്ങിയതോടെ  നിത്യചെലവിനുംപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് മത്സ്യത്തൊഴിലാളികള്‍. സൗജന്യ റേഷന് പുറമെ പതിനായിരം രൂപയെങ്കിലും നല്‍കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.   ട്രോളിങ് നിരോധന ദിവസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യമുണ്ട്. 

പയ്യോളി സ്വദേശിയായ പ്രഹ്ളാദന്‍ പതിനഞ്ച് വര്‍ഷമായി കടലമ്മയുടെ കാരുണ്യത്തിലാണ് അഞ്ചംഗ കുടുംബം പോറ്റുന്നത്. ഇത്രയും ദിവസം തുടര്‍ച്ചയായി കരയിലിരിക്കുന്നത് ജീവിതത്തിലാദ്യമാണ്. സൗജന്യ റേഷനിലൂടെയാണ്  പട്ടിണിയകറ്റുന്നത്. എന്നാല്‍, മറ്റ് ചെലവുകള്‍ക്ക് കടം പോലും കിട്ടാത്ത സാഹചര്യമാണ്.

അടുത്ത ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ രണ്ടുമാസത്തേക്ക് ട്രോളിങ് നിരോധനമാണ്. നിരോധന ദിവസങ്ങള്‍ കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇവിടെയും നടപ്പാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.  

അറുപത്തിയൊന്നില്‍നിന്ന് 47 ദിവസമായാണ് നിരോധന കാലയളവ് പരിമിതപ്പെടുത്തിയത്. പടിഞ്ഞാറന്‍ തീരത്ത് ഈമാസം പതിനഞ്ചുമുതല്‍ ജൂലായ് 31വരെയാണ് നിരോധനം.