കോവിഡ് ക്യാൻവാസിൽ മുഖ്യമന്ത്രി; വീട്ടമ്മയുടെ ചിത്രരചന ശ്രദ്ധേയം

കോവിഡ് വാര്‍ത്തകള്‍ ഒട്ടിച്ച ക്യാന്‍വാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൂറ്റന്‍ചിത്രം വരച്ച് വീട്ടമ്മ. തൃശൂര്‍ മണ്ണുത്തി സ്വദേശിനിയായ ജീന നിയാസാണ് അക്രിലിക് പെയിന്റില്‍ കൂറ്റന്‍ ചിത്രം ഒരുക്കിയത്.  

കോവിഡുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കൊണ്ടാണ് ആദ്യം ക്യാന്‍വാസ് ഒരുക്കിയത്. വാര്‍ത്തകള്‍ വെട്ടിയൊടിച്ചു. ഇതിനു മീതെ മുഖ്യന്ത്രി പിണറായി വിജയനെ വരച്ചു. അക്രിലിക് പെയിന്റിങ്ങില്‍ ഈ ചിത്രം വരച്ചു തീര്‍ക്കാന്‍ ഒരാഴ്ചയെടുത്തു. ലോക്ഡൗണ്‍ സമയമായതിനാല്‍ പെയിന്റിങ് 

സാമഗ്രികള്‍ കിട്ടാനില്ലായിരുന്നു. അങ്ങനെയാണ്, ന്യൂസ് പേപ്പര്‍ ക്യാന്‍വാസാക്കി ചിത്രം വരച്ചത്. ഈ ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയ്ക്കു നേരിട്ട് സമ്മാനിക്കണമെന്നാണ് ആഗ്രഹം.

അഞ്ചു വര്‍ഷമായി ചിത്രരചനകളില്‍ സജീവമാണ് ഈ വീട്ടമ്മ. ഭര്‍ത്താവും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയിലാണ് ചിത്രരചനയിലേക്ക് കടന്നത്. സ്വയം പഠിച്ചതാണ്. എ.പി.ജെ.അബ്ദുല്‍കലാമിന്റെ ചിത്രം വരച്ച് അദ്ദേഹത്തിനു നേരിട്ട് സമ്മാനിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വളര്‍ത്തി. ആറാം 

ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ആയിഷയും അമ്മയുടെ വഴിയേ ചിത്രരചനയിലുണ്ട്.