കാസർകോട് രോഗികൾ കൂടുന്നു; നിയന്ത്രണം കടുപ്പിക്കില്ല

കാസര്‍കോട് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കില്ലെന്ന് ജില്ലാ കലക്ടര്‍. ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. നിലവില്‍ ജില്ലയില്‍ സമൂഹവ്യാപന സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തലെന്നും കലക്ടര്‍ വ്യക്തമാക്കി.  

കോവി‍ഡിന്റെ ആദ്യ രണ്ട്ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലൊന്നായിരുന്നു കാസര്‍കോട്. രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പാക്കിയായിരുന്നു രോഗവ്യാപനത്തെ ജില്ല നേരിട്ടത്. നിലവില്‍ ഏറ്റവുമധികം കേസുകള്‍ 

റിപ്പോര്‍ട്ട് ചെയ്ത പൈവാളികൈയക്കമുളള പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ട് പട്ടികയിലുണ്ടെങ്കിലും കോവിഡിന്റെ മൂന്നാംഘട്ടത്തില്‍ ഇൗ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. 

അതിതീവ്രതയേറിയ വൈറസാണ് ഇപ്പോഴുളളത്. നേരിയ സമ്പര്‍ക്കമുളളവര്‍ക്ക് പോലും രോഗം പടരുന്നുണ്ട്.  അതുകൊണ്ട് ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയപ്പോള്‍ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു.  സമൂഹവ്യാപനം ഇപ്പോഴില്ലെങ്കിലും മണ്‍സൂണ്‍ കാലത്ത് സാഹചര്യം മാറാനുളള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.