വിദ്യാലയം വീടിനുള്ളിലേക്ക്; ഭിന്നശേഷിക്കാർക്ക് ഓൺലൈൻ പരിശീലനം

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനത്തിന് ഓണ്‍ലൈന്‍ സംവിധാനം. പഠനവും, അനുബന്ധ പരിശീലനങ്ങളുമായി കുട്ടികളെ കര്‍മനിരതരാക്കുകയാണ് ലക്ഷ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാലയം വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു സന്നദ്ധകൂട്ടായ്മ.

സ്കൂളിന്റെ ചടുലതയില്‍നിന്ന് അപ്രതീക്ഷിതമായി വീട്ടിലടച്ചിട്ടതിന്റെ കാരണങ്ങളും അതിന്റെ തീവ്രതയും കൃത്യമായി മനസിലാക്കാനാകാത്ത കുട്ടികളുടെ വലിയൊരു കൂട്ടമുണ്ട് നമ്മള്‍ക്കിടയില്‍. പരിശീലനത്തിന്റെയും, ഫിസിയോതെറാപ്പിയടക്കമുള്ള ചികില്‍സകളുടെയും തുടര്‍ച്ച നഷ്ടപ്പെട്ടാല്‍ പ്രതിസന്ധിയിലാകുന്നവരാണ് ഭിന്നശേഷിക്കാരില്‍ ഏറിയപങ്കും. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് വൊക്കേഷണല്‍ ഇന്‍ഫര്‍മേറ്റീവ് ആക്ടിവിറ്റീസ് എന്ന വി.ഐ.എ പ്രോഗ്രാം. ചെറിയ സാങ്കേതിക പരിശീലനം, പാചകം, കരകൗശല പരിശീലനം എല്ലാമുണ്ട് ഈ പ്രോഗ്രാമില്‍. സൂം ആപ്പ് ഉപയോഗിച്ചുള്ള പരിശീലന പരിപാടിയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. തൃപ്പൂണിത്തുറ ആദര്‍ശ് സ്പെഷല്‍ സ്കൂളും, പുനര്‍ജീവ ടെക്നോളജി സൊലൂഷന്‍സും സംയുക്തമായാണ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. 

ആഴ്ചയില്‍ മൂന്നുദിവസം നല്‍കുന്ന പരിശീലനത്തില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ചെയ്തുനോക്കി അതിന്റെ വിഡീയോ ചിത്രീകരിച്ച് അയച്ചുനല്‍കുകയും വേണം. ക്ലാസുകളുടെ വിഡീയോ പിന്നീട് കാണുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.