വാടകവീട്ടിൽ പ്രസവിച്ച് അസം യുവതി; ആശുപത്രിയിലാക്കി കെട്ടിട ഉടമ; ഏറ്റെടുത്ത് നാട്

ലോക്ക് ഡൗണിനിടെ വാടകമുറിയില്‍ പ്രസവിച്ച അസം യുവതിക്ക് അതിഥിയുടെ പരിഗണന നല്‍കി നാട്ടുകാരും ജനപ്രതിനിധികളും. തൊഴിലാളി ക്യാംപിലെ മുറിയില്‍ പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും കെട്ടിട ഉടമ ആശുപത്രിയിലാക്കി . രക്തം വാര്‍ന്ന് ആരോഗ്യനില വഷളായ യുവതിക്ക് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലാണ് തുണയായത് .

മണിരന്‍ നെസ്സ ഇപ്പോഴാണ് മനസറി‍ഞ്ഞൊന്ന് ചിരിച്ചത് . ഒാമനക്കുഞ്ഞിനെ കണ്‍കുളിര്‍ക്കെ ഒന്ന് നോക്കിയത് .  ഭര്‍ത്താവ് വാടകയ്ക്കെടുത്ത മുറിയില്‍ പ്രസവിച്ച യുവതിക്ക് അപ്പോള്‍ ആരും തുണയുണ്ടായില്ല . വിവരമറിഞ്ഞെത്തിയ വീട്ടുടമ ഒാട്ടോവിളിച്ച് അമ്മയെയും പൊക്കിള്‍ കൊടി മുറിയാത്ത കു‍ഞ്ഞിനെയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാക്കി.  വീട്ടുടമ ഉത്തരവാദിത്വം അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങി ജനപ്രതിനധികളും ആരോഗ്യപ്രവര്‍ത്തകരും . ആശുപത്രിയിലെത്തിയ പഞ്ചായത്ത് അംഗം   സനിത റഹീം പ്രാഥമിക സൗകര്യങ്ങളെല്ലാം ഒരുക്കി . എന്നാല്‍ രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതാണുചിതമെന്ന്  താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വിപി സജീന്ദ്രന്‍ എംഎല്‍എ  ഇടപെട്ട്  എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കി

രണ്ടുദിവസത്തെ ചികില്‍സയില്‍ ആരോഗ്യം വീണ്ടെടുത്ത യുവതിയ ഡിസ്ചാര്‍ജ് ചെയ്തു . പഴയവാസസ്ഥലത്തേക്ക് വീണ്ടും അയക്കുന്ന ഉചതമാകില്ലെന്ന് ബോധ്യപ്പെട്ട പഞ്ചായത്ത് അംഗം അവര്‍ക്കായി വാഴക്കുളത്ത് മറ്റൊരു താമസസ്ഥലം ഒരുക്കുകയും ചെയ്തു. വാഴക്കുളത്തെ തൊഴിലാളിക്യാംപില്‍ മുറിയെടുത്ത് യുവതിയ അവിടെയാക്കിയശേഷം പോയ ഭര്‍ത്താവ് എവിടെയെന്ന്  ഇനിയും അറിയില്ല. നവജാതശിശുവിനും അമ്മയ്ക്കുമൊപ്പം മൂത്തമകളുടെകൂടി പരിരക്ഷ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുകയാണ്