കോവിഡ് പ്രതിരോധം; ആരോഗ്യപ്രവര്‍ത്തകരെ മൂന്നായി തിരിച്ച് ഉത്തരവ്

കോവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരെ മൂന്നായി തിരിച്ച് ഉത്തരവിറങ്ങി. ഒന്നാം വിഭാഗം കോവിഡ് ചികില്‍സയും മൂന്നാം വിഭാഗം ദൈനംദിന ചികില്‍സയും കൈകാര്യം ചെയ്യുമ്പോള്‍ രണ്ടാം നിര വിശ്രമിക്കും. ഡോക്ടര്‍മാര്‍ക്ക് ലഘു ചികില്‍സകള്‍ ഒാണ്‍ലൈനിലൂടെ നടത്താനും അനുമതിയായി.  

ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു ത്രീടയര്‍ സംവിധാനം. ഡോക്ടര്‍മാര്‍ , നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, 

ലാബ് ടെക്നീഷ്യന്‍മാര്‍, നഴ്സിങ് അസിസ്ററന്റുമാര്‍, ശുചീകരണ തൊഴിലാഃഇ, ഡ്രൈവര്‍മാര്‍ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും മൂന്നായി തിരിക്കും. ടയര്‍ 1 ജീവനക്കാര്‍ കോവിഡ് ചികില്‍സയിലും പ്രതിരോധത്തിലും നേരിട്ട് പങ്കെടുക്കും. 

ടയര്‍ ടു ജീവനക്കാരെ റിസര്‍വ് ചെയ്യും. മൂന്നാം നിര ജീവനക്കാര്‍ ഈ സമയം സാധാരണ നിലയിലുള്ള ആശുപത്രി ഡ്യൂട്ടിയില്‍ സജീവമാകും. നേരിട്ട് കോവിഡ് രോഗികളെ പരിചരിക്കുന്നവര്‍ അനുവാദമില്ലാതെ ആശുപത്രിക്ക് പുറത്തു പോകരുതെന്നും നിര്‍ദേശമുണ്ട്. വ്യക്തിഗത സുരക്ഷാ മാര്‍ഗമായ പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി നാലു മണിക്കൂറായി നിജപ്പെടുത്തണം. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേയ്ക്കാണ് നിലവില്‍ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുളളത്. പി എച്ച് സികള്‍ മുതല്‍ സമാന രീതിയിലുള്ള സംവിധാനം വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒാണ്‍ലൈനിലൂടെ ലഘുചികില്‍സ നടത്താന്‍ തിരുവിതാംകൂര്‍ – കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്കി. കോവിഡ് സംശയിക്കുന്നവരെ ചികില്സിക്കാന്‍ പാടില്ല. രോഗത്തിന്‍റെ പൂര്‍വസ്ഥിതി ഡോക്ടര്‍ക്ക് അറിവുള്ളതാകണമെന്നും നിര്‍ദേശമുണ്ട്.