ഓൺലൈൻ മദ്യവിൽപ്പന അത്ര എളുപ്പമല്ല; ആദ്യം വേണ്ടത് അബ്കാരി നിയമ ഭേദഗതി

ഓൺലൈൻ മദ്യവിൽപനയുടെ സാധ്യതകൾ സർക്കാർ ആരായുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നതാണ് യാഥാർത്ഥ്യം. അബ്കാരി നിയമത്തിൻ്റെ ഭേദഗതിയാണ് ആദ്യം വേണ്ടത്. അല്ലാതെ വീട്ടുപടിക്കൽ മദ്യം എത്തിക്കുന്നത് നിയമവിരുദ്ധമാകും. കൺസ്യൂമർഫെഡ് എം.ഡിയായിരിക്കെ ടോമിൻ തച്ചങ്കരി നൽകിയ ശുപാർശ നടപ്പാകാതെ പോയതിൻ്റെ പ്രധാന കാരണവും ഇതാണ്.

മദ്യം വില്‍ക്കാന്‍ അനുമതിയുള്ളത് ലൈസന്‍സ് നേടിയിട്ടുള്ള കെട്ടിടത്തിന്റെ ഉള്ളില്‍മാത്രമാണ്. അതിന്റെ വരാന്തയിലോ തൊട്ടടുത്ത മറ്റൊരു മുറിയിലോ പോലും വച്ചുവില്‍ക്കാന്‍ പറ്റില്ല. അതാണ് അബ്കാരി നിയമം. അതുകൊണ്ട് തന്നെ ഹോംഡ‍െലിവറി നടപ്പില്ല.  നിലവിലെ നിയമംപ്രകാരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ സ്വീകരിച്ചാലും കുപ്പി കയ്യില്‍കിട്ടാന്‍ വില്‍പനശാലയില്‍ നേരിട്ട് എത്തേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല. കടകള്‍ക്ക് മുന്നിലെ നീണ്ട നിര ഒഴിവാകില്ല. ഇത് മറികടക്കാന്‍ അബ്കാരി നിയമത്തിന്റെ ഭേദഗതിയാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. 

അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഓര്‍ഡിനന്‍സ് ഇറക്കി വേണമെങ്കില്‍ ഇത് സാധിക്കാവുന്നതേയുള്ളൂ. പക്ഷെ അപ്പോഴും വലിയ മുന്‍കരുതല്‍ എടുക്കേണ്ടിവരും. ബവറിജസ് കോര്‍പറേഷന്റെ ആയാലും കണ്‍സ്യൂമര്‍ഫെഡിന്റെ ആയാലും നിലവിലെ അംഗബലം കൊണ്ട് ഹോംഡെലിവറി കഴിയില്ല. സ്വകാര്യ കരാറുകാരെ ഏല്‍പിക്കേണ്ടിവരുമെന്ന് ഉറപ്പ്. അപ്പോള്‍ വില്‍പനശാലയില്‍ നിന്ന് കൊടുത്തയക്കുന്ന കുപ്പി തന്നെയാണ് ലക്ഷ്യത്തില്‍ എത്തുന്നത് എന്നുറപ്പാക്കാന്‍ എന്ത് സംവിധാനമുണ്ട്. വഴിയില്‍ വച്ച് വ്യാജന്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. മദ്യദുരന്തം പോലെയുള്ള അട്ടിമറിസാധ്യത പോലും പരിഗണിക്കേണ്ടി വരും. ലൈസന്‍സ് എടുത്ത് നടത്തുന്ന ബാറുകളില്‍ പോലും വ്യാജ വിദേശമദ്യം വിറ്റഴിക്കുന്നത് പിടിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ സാഹചര്യത്തില്‍ ഇത് വലിയ വെല്ലുവിളി തന്നെയാണ്.