റീസര്‍വേയിൽ പുരയിടം തോട്ടമായി; പരിഹാരമായി മാണി സി കാപ്പന്‍റെ നീക്കം

കോട്ടയം മീനച്ചില്‍ താലൂക്കില്‍ റീസര്‍വേ നടപടികളിലെ പിഴവ് മൂലം ഭൂമി തോട്ടമായി രേഖപ്പെടുത്തപ്പെട്ടവരുടെ പരാതികള്‍ക്ക് ഒടുവില്‍ പരിഹാരമായി.  റവന്യൂ വകുപ്പ് പാലായില്‍ സംഘടിപ്പിച്ച അദാലത്തില്‍ തോട്ടമായി രേഖപ്പെടുത്തപ്പെട്ട പുരയിടങ്ങളെ പുനക്രമീകരിച്ചതിന്റെ രേഖ ഭൂവുടമകള്‍ക്ക് കൈമാറി. ലാൻഡ് റവന്യു തഹസിൽദാരുടെ ഉത്തരവ് വില്ലേജ് ഓഫിസിൽ ലഭിക്കുന്നതോടെ തണ്ടപ്പേര്, കരം അടച്ച രസീത് എന്നിവയിലും പുരയിടം എന്ന് രേഖപ്പെടുത്തും. 

റീസര്‍വേ നടപടികളെ അപകാത മൂലം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ആയിരക്കണക്കിന് ആളുകളുടെ പുരയിടമാണ് റവന്യൂ രേഖകളില്‍ തോട്ടമായി മാറിയത്. ഇത്തരം ഭൂമിയില്‍ മറ്റ് കൃഷികളോ ഭവന നിര്‍മ്മാണമോ സാധ്യമാകാതെ വന്നതോടെ കര്‍ഷകര്‍ സംഘടിച്ച് സമരം ആരംഭിച്ചിരുന്നു. പാലായില്‍ നടന്ന അദാലത്തില്‍ മീനച്ചിൽ താലൂക്കിലെ 14 വില്ലേജിൽ നിന്ന് 4740 പേരാണ് അപേക്ഷ നല്‍കിയത്. 1027 പേര്‍ക്കാണ് പുരയിടം എന്ന് തിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. സൂക്ഷ്മ പരിശോധന  ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം മറ്റു അപേക്ഷകളും തീര്‍പ്പാക്കും. 

പുരയിടങ്ങളെ പുനക്രമീകരിച്ചതിന്റെ രേഖ എംഎല്‍എമാരായ മാണി സി കാപ്പന്‍, പി സി ജോര്‍ജ്ജ്, മോന്‍സ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭൂവുടമകള്‍ക്ക് വിതരണം ചെയ്തു. മാണി സി കാപ്പന്‍റെ ഇടപെടലാണ് പ്രശ്ന പരിഹാരത്തില്‍ നിര്‍ണായകമായത്. തോട്ടം പുരയിടം പ്രശ്നം എംഎല്‍എ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു.  

മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അനുകൂല തീരുമാനമുണ്ടായത്. 1965ല്‍ സര്‍ക്കാര്‍ രേഖകളില്‍ തോട്ടമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തോട്ടമായി തന്നെ തുടരും.  തോട്ടയം പുരയിടം വിഷയത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ റവന്യു അദാലത്ത് ഈമാസം 24ന് നടക്കും.