വീണ്ടും ക‍‍ഞ്ചാവ് വേട്ട; കേരളത്തിലേക്ക് ട്രെയിനുകള്‍ വഴിയുളള ലഹരികടത്ത് വര്‍ധിക്കുന്നു

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനുകള്‍ വഴിയുളള ലഹരികടത്ത് വര്‍ധിക്കുന്നു. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പതിനേഴര കിലോ കഞ്ചാവ് റെയില്‍വേ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുയെത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

വിശാഖപട്ടണം സ്വദേശി പാണ്ഡുവാണ് പതിനേഴര കിലോ കഞ്ചാവുമായി പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസിലായിരുന്നു യാത്ര. ചാക്കിൽ നിറച്ചിരുന്ന കഞ്ചാവ് ട്രോളിബാഗിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. പാലക്കാട് മലപ്പുറം ജില്ലകളിലെ കച്ചവടക്കാര്‍ക്കുവേണ്ടിയാണ് ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പിടിയിലായ ആള്‍ ഇടനിലക്കാരന്‍ മാത്രമാണ്. ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമല്ല.

ആന്ധ്രപ്രദേശില്‍ നിന്ന് കിലോയ്ക്ക് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെ ലഹരികച്ചവടക്കാര്‍ ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. പതിേനഴര കിലോ കഞ്ചാവിന് ചില്ലറ വിപണിയിലൂടെ ഇരുപതു ലക്ഷം രൂപ വരെ ലഭിക്കും. ലഹരികടത്തിന് പിന്നിലുളളവരുടെ സാമ്പത്തിക സ്രോതസ് അന്വേഷണവിധേയമാണ്. നാലു മുൻപ് റെയില്‍വേ സംരക്ഷണസേനയുടെ കുറ്റാന്വേഷണ വിഭാഗം പതിനാറു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന ട്രെയിനുകളില്‍ പാലക്കാട് മാത്രമാണ് കാര്യമായ പരിശോധനയുളളത്.