മരടിലെ പൊടി ശല്യം; നടപടി കടുപ്പിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്

‌മരടില്‍ പൊളിച്ച ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണത്തിനെതിരെ നടപടി കടുപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കമ്പികള്‍ വേര്‍തിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്റെ തോത് വിലയിരുത്താന്‍ പൊളിച്ച നാലു ഫ്ളാറ്റുകള്‍ക്ക് സമീപവും മോണിറ്ററിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കോണ്‍ക്രീറ്റില്‍ നിന്ന് കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ നാല് ഫ്ളാറ്റുകളിലും ആരംഭിച്ചു.

നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത 19 നില കെട്ടിടമായ ഹോളിഫെയ്ത്തിനെ കോണ്‍ക്രിറ്റ് ബ്രേക്കര്‍ തവിട് പൊടിയാക്കുകയാണ്. കോണ്‍ക്രീറ്റില്‍ നിന്ന് യന്ത്രകൈകള്‍ കമ്പികള്‍ പൂര്‍ണമായും വേര്‍തിരിച്ച് എടുക്കുന്നു . പൊടി നിയന്ത്രിക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യുന്നു.  2016ലെ കണ്‍ട്രക്ഷന്‍ ആന്‍ഡ് ഡിമോളിഷന്‍ വേസ്റ്റ് മാനേജ്്മെന്റ് റൂള്‍സ് പാലിച്ച് വേണം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാെന്ന് മരട് മുന്‍സിപ്പാലിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇത് കൂടാതയൊണ് കോണ്‍ക്രീറ്റ് ബ്രേക്കറിലെ ശബ്ദത്തിന്റെ തോത് അളക്കാനുള്ള തീരുമാനം. ആല്‍ഫ ഫ്ളാറ്റിന് സമീപമുള്ളവരാണ് ശബ്ദമലിനീകരണത്തെകുറിച്ചുള്ള പരാതിയുമായി ബോര്‍ഡിനെ സമീപിച്ചത്. ശബ്ദം അനുവദനീയമായ പരിധിയിലും കൂടുതലാണെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നാല് ഫ്ളാറ്റുകളുടെ പരിസരത്തും ഇടവിട്ട പരിശോധനയും നടത്തുന്നുണ്ട്. ഒരു വശത്ത് നിന്ന് വെള്ളം തളിയക്കുന്നത് പൊടി ശല്യം കുറയ്ക്കാനാകുന്നില്ലെങ്കില്‍ സ്പ്രിംഗ്ളേഴ്സ് ഉപയോഗിച്ച് കൂടുതല്‍ സ്ഥലത്തേക്ക് വെള്ളം തളിയ്ക്കമെന്ന നിര്‍ദേശവും നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗങ്ങളും നാളെ മരടില്‍ സന്ദര്‍ശനം നടത്തും.