മരടിലെ ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒന്നര വർഷം; മൽസ്യക്കൃഷി നടത്തിയിരുന്നവർക്ക് നഷ്ടപരിഹാരമില്ല

കൊച്ചി മരടിൽ സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചു നീക്കിയ ഫ്ലാറ്റുകൾക്ക് സമീപം കൂട് മൽസ്യക്കൃഷി നടത്തിയിരുന്നവർക്ക് ഒന്നര വർഷം കഴിഞ്ഞിട്ടും നഷ്ട പരിഹാരമില്ല. ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാത്രമേ ഉത്തരവാദിത്തമുള്ളൂ എന്നാണ് ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. നിയമനടപടികൾ ഉണ്ടെന്ന പേരിൽ സർക്കാർ നേരിട്ട് നഷ്ടപരിഹാരം നൽകാനുള്ള വഴികളും അടച്ചിട്ടിരിക്കുകയാണ്.

ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റ് തകർന്ന് താഴേക്ക് വീഴുന്നതിന് മുൻപേ മഹാത്മ ഷിഷ് ഫാമിന് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. പകുതി പ്രായമാകാത്ത മൽസ്യത്തെ പിടിച്ചു മാറ്റുന്നതിലൂടെ മൽസ്യത്തൊഴിലാളികളുടെ സംരംഭത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ റിപ്പോർട്ട് നൽകി. നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാറും, നഗരസഭയുമെല്ലാം വാഗ്ദാനം നൽകി. ഫ്ലാറ്റ് പൊളിച്ചതിനുശേഷം കൂട് മത്സ്യ കൃഷി ചെയ്തിരുന്ന കർഷകർക്ക് 4.61 ലക്ഷം നഷ്ടമെന്ന് സിഎംഎഫ്ആർഐ പരിശോധിച്ച് റിപ്പോർട്ട് നൽകി. 

സ്ഫോടനത്തിലുണ്ടായ നഷ്ടങ്ങൾ മാത്രമേ പരിഹരിക്കുവെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇൻഷുറൻസ് കമ്പനിക്കും, ഫ്ലാറ്റ് പൊളിച്ച കരാറുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നഗരസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. പൊളിക്കൽ നടപടികൾക്ക് അനുവദിച്ചതിന്റെ ബാക്കിയും അവശിഷ്ടങ്ങൾ വിറ്റു കിട്ടിയതും ചേർത്ത് 38 ലക്ഷം നഗരസഭയുടെ കൈയിലിരിക്കുമ്പോഴും സാങ്കേതിക തടസങ്ങളുന്നയിച്ച് സമീപവാസികൾക്ക് നഷ്ടപരിഹാരം നിഷേധിക്കുകയാണ്.