പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ട നീക്കല്‍; അതൃപ്തി അറിയിച്ച് ട്രൈബ്യൂണല്‍

മരടിലെ പൊളിച്ച ഫ്ളാറ്റുകളില്‍ നിന്നുള്ള അവശിഷ്ട നീക്കത്തില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രത്യേക സമിതി. അവശിഷ്ടങ്ങള്‍ മാറ്റുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത സ്ഥലത്തേക്കാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ എടുത്ത കമ്പനികളുടെ പ്രവര്‌‍ത്തനമെന്നും ഇത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തിയ സംസ്ഥാന മേല്‍നോട്ടസമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള പറഞ്ഞു. 

കെട്ടിട നിര്‍മാണ പൊളിക്കല്‍ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ ചട്ടങ്ങളുണ്ട്. മലനീകരണ നിയന്ത്രണബോര്‍ഡ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പൊളിച്ച ഫ്ളാറ്റുകളിലെ കോണ്‍ക്രീറ്റ് മാലിന്യം പൊടിക്കുന്നതും നീക്കം ചെയ്യുന്നതും. ഇക്കാര്യങ്ങളെല്ലാം ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന് നേരിട്ട് ബോധ്യപ്പെട്ടു. ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങളില്‍ 35 അടി ഉയരത്തില്‍ മറ കെട്ടി മാലിന്യം ൈകകാര്യംചെയ്യുക എന്നത് മാത്രമാണ് പാലിച്ചിട്ടുള്ളത്. കോണ്‍ക്രീറ്റ് മാലിന്യത്തില്‍ തളിക്കുന്ന വെള്ളം തിരികെ കായലിലേക്ക് തന്നെ ഒലിച്ചിറങ്ങുകയാണ്. രാത്ര കാലങ്ങളില്‍ കോണ്‍ക്രീറ്റ് മാലിന്യം യാര്‍ഡിലേക്ക് മാറ്റുന്നത് ലോറികള്‍ മറയ്ക്കാതെയാണ്. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ മാലിന്യം കൊണ്ടിടുന്ന യാര്‍ഡുകള്‍ക്ക് അനുമതി തേടിയിട്ടില്ലെന്ന ഗുരുതരമായ കുറ്റവും. 

രാവിലെ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കരാറുകാരായ പ്രോപ്റ്റ് എന്റര്‍പ്രൈസസിനോട് ചെയര്‍മാന്‍ വിശദീകരണം തേടി. മാലിന്യ നീക്കം നിരീക്ഷിക്കാന്‌ പൊലീസിനും റവന്യൂ വകുപ്പിനും നിര്‍ദേശം നല്‍കാന്‍ സബ് കലക്ടര്‍ സ്നേഹില്‍ കുമാറിനോട് ആവശ്യപ്പെട്ടു.