നിയമം ലംഘിക്കുന്നവർക്ക് കർശന താക്കീതായി വരുംകാലങ്ങളിലും മരട് ഫ്ലാറ്റ് 'വിധി'

കൊച്ചി മരടിലെ ആല്‍ഫ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ.

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് കെട്ടിട സമുച്ചയങ്ങൾ കെട്ടിപ്പൊക്കുന്നവർക്കുള്ള കർശന താക്കീതാണ് മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീംകോടതി വിധിയും അതിന്റെ നടപ്പാക്കലും. അനധികൃത നിർമിതികൾ പൊളിച്ച് നീക്കിയ മരട് ആയിരിക്കും വരും കാലങ്ങളിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാനം. മരട് ഫ്ളാറ്റ് പൊളിച്ചതുകൊണ്ട് മാത്രം സുപ്രീംകോടതിയിലെ നടപടികള്‍ അവസാനിക്കുന്നുമില്ല.

ഓർമയില്ലേ കൊച്ചിയിലെ ഡിഎൽഎഫ്‌ ഫ്ളാറ്റ്. ഹൈക്കോടതി പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടം പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് നഷ്ടപരിഹാരം ഈടാക്കി താക്കീത് ചെയ്ത് സുപ്രീംകോടതി തീര്‍പ്പാക്കി. ഇതാണ് രാജ്യത്തെ അനധികൃത കെട്ടിട നിര്‍മാണങ്ങളില്‍ കോടതികള്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള രീതി. ഈ കീഴ്‍വഴക്കമാണ് മരടില്‍ അവസാനിച്ചത്. മരട് നിലവിലുള്ള കേസുകള്‍ക്കും വരാനിരിക്കുന്ന കേസുകള്‍ക്കും അടിസ്ഥാനമാകുമെന്നാണ് നിയമവിദഗധരുടെ നിലപാട്. 

അതേസമയം, മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതുകൊണ്ട് മാത്രം സുപ്രീംകോടതിയിലെ നടപടികൾ അവസാനിക്കുന്നില്ല. നിയമം ലംഘിച്ച് കെട്ടിടം ഉണ്ടാക്കിയ നിർമാതാക്കൾ, അവരെ സഹായിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട്. ഇവർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ നടപടികൾ എന്നിവയിൽ കോടതി കൃത്യമായ മേൽനോട്ടം വഹിക്കും. വഞ്ചിക്കപ്പെട്ട ഉടമകൾക്കുള്ള അന്തിമ നഷ്ടപരിഹാരവും കോടതി തീരുമാനിക്കും. ഇക്കാര്യങ്ങള്‍ നാളെ കേസ് കേള്‍ക്കുമ്പോള്‍ കോടതി പരിഗണിക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തീരദേശ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടതി തേടിയിട്ടുണ്ട്. ഇത് സമര്‍പ്പിക്കുമ്പോള്‍ കോടതിക്ക് എന്ത് നടപടിക്കാവും ഉത്തരവിടുക എന്നതാണ് ഇനി അറിയേണ്ടത്. ചുരുക്കത്തിൽ മരടിന്റെ ബാക്കി ചിത്രം തെളിയാൻ ഇരിക്കുന്നതേ ഉള്ളൂ.