ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചു; മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടരും

ന്യായമായ തീരുമാനമുണ്ടാകും വരെ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം തുടരുമെന്ന് സി.ഐ.ടി.യു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ചാണ് സമരം. ഇക്കാര്യം ഉന്നയിച്ച് രണ്ടുദിവസമായി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.  

കഴിഞ്ഞ വര്‍ഷം 52 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് രണ്ടുദിവസം മുമ്പ് സി.ഐ.ടി.യു വീണ്ടും സമരം തുടങ്ങിയത്. ട്രേഡ് യൂണിയനില്‍ അംഗമായവരോട് മാനേജ്മെന്റ് വിവേചനം കാണിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകള്‍ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയന്‍ സെക്രട്ടറിയും അംഗങ്ങളും ജോലിചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയതെന്നും എളമരം കരീം പറഞ്ഞു.

പണിമുടക്കാരംഭിക്കുന്നതിന് മുമ്പ് ലേബര്‍ കമ്മീഷണര്‍ രണ്ടുതവണയും തൊഴില്‍ മന്ത്രി ഒരു തവണയും ചര്‍ച്ചയ്ക്കുവിളിച്ചെങ്കിലും തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് സര്‍ക്കാരിനെ അവഹേളിച്ചെന്നും എളമരം കരീം ആരോപിച്ചു.