ഗ്യാപ് റോഡ് തകര്‍ന്ന് ഗതാഗതം നിലച്ചു; സഞ്ചാരികളെത്താതെ ചിന്നക്കനാല്‍ സൂര്യനെല്ലി

നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ആളും അനക്കവുമില്ലാത്ത വിനോദ സഞ്ചാര മേഖലയായി ചിന്നക്കനാല്‍ സൂര്യനെല്ലി. മണ്ണിടിച്ചിലില്‍ തകര്‍ന്ന ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചതോടെ പ്രദേശത്ത് വിനോദസഞ്ചാരികള്‍ എത്തുന്നില്ല.  വ്യാപാരികളും ടാക്‌സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്.

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ചിന്നക്കനാല്‍ സൂര്യനെല്ലി. എന്നാല്‍ കൊച്ചി ധനുഷ്‌കൊടി ദേശീയപാതയില്‍ ഗ്യാപ് റോഡില്‍ ഗതാഗതം നിലച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളും എത്താതായി.  വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന  നൂറ്കണക്കിന് ടാക്‌സി തൊഴിലാളികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ സീസണില്‍ ക്രിസ്തുമസ് കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തിയിരുന്നത്. ഇത്തവണയാകട്ടെ വിരലിലെണ്ണാവുന്ന വിനോദ സഞ്ചാരികള്‍ പോലും സൂര്യനെല്ലിയിലേയ്ക്ക് എത്തുന്നില്ലെന്ന്  നാട്ടുകാര്‍ പറയുന്നു.

വ്യാപാര മേഖലയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. ക്രിസ്തുമസ് വിപണി എക്കാലത്തും ഇവിടുത്തെ വ്യാപാരികളുടെ കൊയ്ത്ത് കാലമാണ് എന്നാല്‍ ഇത്തവണ വിപണിയിലേയ്ക്ക് സാധനങ്ങള്‍ പോലും എത്തിച്ചിട്ടില്ല. ചില ഹോട്ടലുകള്‍ അടച്ചുപൂട്ടി. കെട്ടിട വാടകയും ജീവനക്കാരുടെ ശമ്പളവും പോലും  നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ വ്യാപാര മേഖല. 

ഗതാഗത യോഗ്യമായ റോഡുണ്ടായാല്‍ മാത്രമാണ് ചിന്നക്കനാലിന് ഇനി കരകയറാന്‍ കഴിയുക. നിലവില്‍ ഗ്യാപ് റോഡ് തുറന്ന് നല്‍കുന്നതിന് വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ക്രിസ്തുമസിന് മുമ്പ് ഇവിടേയ്ക്ക് സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ്  നാട്ടുകാര്‍.