സവാളയില്ലാതെയും ബിരിയാണി ബഹുരസം; വില വർധനക്കെതിരെ വേറിട്ട പ്രതിഷേധം

സവാള വിലവര്‍ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍. സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളിയില്ലാതെ പചാകം ചെയ്യാമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഈ വേറിട്ട സമരരീതിക്ക് പിന്നിലുണ്ട്.  

കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനിലായിരുന്നു പ്രതിഷേധം. സവാളയെ പൂര്‍ണമായും മാറ്റി നിര്‍ത്തി തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. പിന്നെ അരിവെന്തുവരാനുള്ള കാത്തിരിപ്പ്. ഇതിനിടയില്‍ സമരക്കാര്‍ പ്രതിഷേധം പരസ്യമാക്കി.

അരി പാകമായതോടെ തയ്യാറിക്കിവച്ചിരുന്ന ഇറച്ചിയും, മസാലയും ചേര്‍ത്ത് നല്ല അസ്സല്‍ തലശേരി ബിരിയാണിയൊരുക്കി. സമരത്തില്‍ പങ്കെടുത്തവരും, വഴിയാത്രക്കാരും പ്രതിഷേധക്കാരുടെ കൈപ്പുണ്യം ആസ്വദിച്ചു. 

അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതോടെ തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.