പകർച്ചവ്യാധിക്കെതിരെ നഗരസഭയുടെ അലംഭാവം; ബോധവൽകരണവുമായി ജില്ലാ കലക്ടർ

കൊച്ചി നഗരസഭാപരിധിയില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണത്തിന് േനരിട്ടിറങ്ങി ജില്ലാ കലക്ടര്‍. നഗരസഭാപരിധിയില്‍ കഴിഞ്ഞ ഒരു മാസം ഇരുപതോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതി ഇത്ര ഗുരുതരമായിട്ടും ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരസഭ അലംഭാവം തുടരുകയാണ്. ഇതോടെയാണ് ജില്ലാ കലക്ടറുടെ നേരിട്ടുള്ള ഇടപെടല്‍.

നഗരഹൃദയമായ വൈറ്റില, കടവന്ത്ര, ഗാന്ധിനഗര്‍ എന്ന് വേണ്ട വടുതല, പച്ചാളം, തമ്മനം തുടങ്ങി പ്രദേശങ്ങളെല്ലാം ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വാസകേന്ദ്രങ്ങളാണ്. സിഡംബറില്‍ ജില്ലയില്‍ സ്ഥരീകരിച്ച 50 ഡെങ്കിപ്പനി കേസുകളില്‍ ഇരുപതും നഗരസഭാപരിധിയില്‍ തന്നെ. ഒരു മരണവും സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായിട്ടും നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല. ഇതോടൊണ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ നേരിട്ട് ഏറ്റെടുത്തത്. കൊതുകിന്റെ സ്രോതസ് കൂടുതലായി കണ്ടെത്തി ഉദയാകോളനിയിലായിരുന്നു തുടക്കം. ആരോഗ്യവകുപ്പിന്റെ  രോഗപ്രതിരോധപ്രവര്ത്തനങ്ങളോട് നിസഹകരിക്കുന്ന വീട്ടുകാര്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം പിഴ ചുമത്താനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്‍ എച്ച് എം ഫണ്ട് അനുവദിച്ച് നല്‍കാനും നഗരസഭ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്ക്വാഡാണ് നഗരസഭപരിധിയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇനി ഏകോപിപ്പിക്കുക.