കലോത്സവ ട്രോഫി ഇക്കുറി ഒപ്പം പോരും; ആത്മവിശ്വാസത്തോടെ കോഴിക്കോട്

കഴിഞ്ഞതവണ ഒന്നാംസ്ഥാനം നഷ്ടമായിട്ടും കൈവിട്ടുപോകാതിരുന്ന കലോത്സവ ട്രോഫി പതിമൂന്നാംവട്ടവും ഉയര്‍ത്താന്‍ തയ്യാറെടുത്ത് കോഴിക്കോട് ജില്ലാ ടീം. പ്രളയത്തെതടുര്‍ന്ന് ആലപ്പുഴയിലെ സമാപനസമ്മേളനം ഒഴിവാക്കിയതിനാല്‍ ഒന്നാംസ്ഥാനക്കാരായ പാലക്കാടിന് ട്രോഫി നല്‍കിയിരുന്നില്ല.

ഇത്തവണയും കലോത്സവവേദികള്‍ പ്രളയത്തെ മറന്നിട്ടില്ല. പ്രളയം കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും കാസര്‍കോട് നടക്കുന്ന സംസ്ഥാനമേളയിലും പ്രളയം മത്സരാര്‍ഥികള്‍ക്ക് വിഷയമാകും. കാസര്‍കോടേക്ക് കൊണ്ടുപോകുന്ന സ്വര്‍ണകപ്പ് മേള കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഒപ്പം കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍. 

പന്ത്രണ്ട് വര്‍ഷം ഉയര്‍ത്തിയ കപ്പ് കഴിഞ്ഞതവണ മൂന്ന് പോയിന്റിനാണ് നഷ്ടമായത്. എങ്കിലും ജില്ല വിട്ട് പോകാതിരുന്ന കപ്പ് ജില്ലാ ട്രഷറിയില്‍തന്നെ ഇരിപ്പുണ്ട്. പതിനെട്ട് വേദികളിലാണ് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്.