മൂർച്ചയേറിയ ആയുധം കൊണ്ട് സീറ്റുകൾ കീറി; വേണാടിന്റെ ആധുനിക കോച്ച് നശിപ്പിച്ചു

മലയാളി ആവേശത്തോടെ വരവേറ്റ വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകൾ നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. ആധുനിക കോച്ചുകളുടെ സീറ്റുകൾ കുത്തിക്കീറിയും സീറ്റ് ലിവറുകൾ കേടു വരുത്തിയുമാണ് ഇൗ അഴിഞ്ഞാട്ടം. ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുമായി നവംബർ 7 മുതലാണ് വേണാട് എക്സ്പ്രസ് തിരുവനന്തപുരം–ഷൊർണൂർ–തിരുവനന്തപുരം പാതയിൽ സർവീസ് നടത്തുന്നത്. ചില സീറ്റുകളുടെ മുൻവശം മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ചു കുത്തിക്കീറിയ നിലയിലാണ്. പുഷ്ബാക്ക് സീറ്റിന്റെ ലിവറുകളും കേടു വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇതു ശ്രദ്ധയിൽപെട്ടത്.

ഇതു സംബന്ധിച്ചു റെയിൽവേ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരാണ് നാശം വരുത്തിയത് എന്നു കണ്ടെത്താനായിട്ടില്ല. വേണാടിന്റെ കോച്ചിൽ വരുത്തിയ നാശനഷ്ടം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. മികച്ച സൗകര്യങ്ങൾ ഉള്ള കോച്ചിൽ നാശം വരുത്തിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സർവീസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽത്തന്നെ കോച്ചുകളിൽ കേടുപാടുകൾ വരുത്തിയെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.

കേരളത്തിനു ലഭിച്ച ആധുനിക ത്രീഫേസ് മെമുവിൽ ആദ്യ ദിനം തന്നെ മോഷണം നടത്തിയിരുന്നു.അതിനിടെ, വേണാട് എക്സ്പ്രസ് വൈകിയോട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം സിഗ്നൽ തകരാറും മറ്റു പ്രശ്നങ്ങളും മൂലം വേണാട് വൈകി.ഇന്നലെ രണ്ടര മണിക്കൂറോളം വൈകിയാണു ട്രെയിൻ സർവീസ് നടത്തിയത്. തിരുവനന്തപുരം വേളിക്കു സമീപം ട്രെയിൻ തട്ടി പോത്തുകൾ ചത്തതിനെ തുടർന്നു കഴിഞ്ഞ ദിവസം ട്രെയിനുകൾ വൈകിയോടിയതു കാരണമാണ് ഇന്നലെ വേണാട് വൈകിയത്.