പാകിസ്ഥാനെ വിറപ്പിച്ച മിഗ് വിമാനം; ഇനി കണ്ണൂരിന് സ്വന്തം; വാട്ടർ സല്യൂട്ടോടെ വരവേൽപ്പ്

രാജ്യത്തിന്റെ അഭിമാനങ്ങളിൽ ഒന്നായ ആകാശപ്പോരാളി മിഗ് 27 സൂപ്പർസോണിക് വിമാനം ഇനി കണ്ണൂരിന് സ്വന്തം. കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ പട്ടാളത്തെ വിറപ്പിച്ച താരമാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. യാത്രക്കാർക്ക് കാണാവുന്ന വിധം കവാടത്തിനു സമീപത്തെ ട്രാഫിക് സർക്കിളിൽ യുദ്ധ വിമാനം സ്ഥാപിക്കും. പ്രഹരശേഷി കൂടിയ റഫാൽ എത്തിയതോടെ മിഗ് 27 വിമാനങ്ങളുടെ ഉപയോഗം വ്യോമസേന അവസാനിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായി പറക്കൽ നിർത്തുന്ന വിമാനങ്ങളിൽ ഒന്നാണു വ്യോമസേന കണ്ണൂരിൽ എത്തിച്ചത്.രാജസ്ഥാനിലെ ജോധ്പുർ വ്യോമ താവളത്തിൽ നിന്നു പുണെ വഴിയായിരുന്നു വിമാനത്തിന്റെ അവസാന പറക്കൽ. വ്യാഴാഴ്ച വൈകിട്ട് വിമാനം കണ്ണൂരിലെത്തി. റൺവേയിൽ ഇറങ്ങി, പാരച്യൂട്ടിന്റെ സഹായത്തോടെ വേഗം കുറച്ച വിമാനം ഒന്നാമത്തെ ബേയിലാണു പാർക് ചെയ്തിരിക്കുന്നത്.

വിമാനത്തിനു കിയാലിന്റെയും വ്യോമസേന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപു നൽകി. അവസാനമായി റൺവേയിൽ തൊട്ട മിഗ് 27 വിമാനത്തെ കിയാലിന്റെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം വാട്ടർ സല്യൂട്ട് നൽകി ആദരിച്ചു.  വിമാനം അഴിച്ചു റൺവേയുടെ പുറത്തെത്തിച്ച ശേഷം വീണ്ടും കൂട്ടിയോജിപ്പിച്ചാണു പ്രദർശനത്തിനു സജ്ജമാക്കുക. ഇതിനായി വ്യോമസേന എൻജിനീയർമാരുടെ സംഘം എഎൻ32 വിമാനത്തിൽ ഇന്നലെ കണ്ണൂരിൽ ഇറങ്ങി. 1981ലാണ് മിഗ് 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഡിസംബറോടെ ഈ ഗണത്തിലെ മുഴുവൻ വിമാനങ്ങളും പറക്കൽ അവസാനിപ്പിക്കും.