വാളയാറിൽ ഉന്നതതല അന്വേഷണം വേണം; കോഴിക്കോട് കോര്‍പറേഷനിൽ പ്രമേയം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രമേയം. പ്രമേയം വോട്ടിനിട്ടു തള്ളിയതോടെ പ്രതിപക്ഷം കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി.

പാളയം കൗണ്‍സിലര്‍ ഉഷാദേവിയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യേണ്ട നടപടികള്‍ എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ നിലപാട്.

ചര്‍ച്ചയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കിയെന്നു പറഞ്ഞ് പ്രതിപക്ഷം ബഹളം തുടങ്ങി. മേയറുടെ സമീപനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രമേയം വോട്ടിനിട്ട് തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യവുമായി യോഗം ബഹിഷ്കരിച്ചു.