‘വീട്ടുചെലവ് നടത്താന്‍ വാര്‍ക്കപ്പണിക്ക് പോയി..’; കെ.എസ്.ആര്‍.ടി.സിക്ക് ചുട്ട മറുപടി

അള മുട്ടിയാല്‍ ചേരയും കടിക്കുെമന്നാണ് നാട്ടുചൊല്ല്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അതേ അവസ്ഥയിലാണിപ്പോള്‍. ഏഴാംതീയതി ആയിട്ടും ശമ്പളം കിട്ടിയിട്ടില്ല. ഈ മാസം തന്നെ കിട്ടുമെന്ന് പോലും  ഉറപ്പില്ല. ഒരു ദിവസം മുഴുവന്‍ പണിമുടക്കിയിട്ടും എം.ഡിക്ക് അനക്കമില്ല. ഇതിനിടയിലാണ് തിരുവനന്തപുരം ജില്ലയിലെ ഒരു ഡിപ്പോയില്‍  സ്ഥിരജീവനക്കാര്‍ വൈകി വരുന്നതിനെതിരെ ഡി.ടി.ഒ നോട്ടീസ് പതിച്ചത്. 

കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം നില്‍ക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു ഡി.ടി.ഒയുടെ മുന്നറിയിപ്പ്. നോട്ടീസിന് താഴെത്തന്നെ ഉരുളയ്്ക്ക് ഉപ്പേരി പോലെ ജീവനക്കാരുടെ മറുപടിയും വന്നു. 

‘ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ് സാര്‍. വീട്ടുചെലവ് നടത്താനായി...’ എന്നായിരുന്നു തിരുത്തിയുള്ള മറുപടി. കാര്യക്ഷമമായി സര്‍വീസ് നടത്തിപ്പ് എന്ന വാക്കും കാര്യപിടിപ്പില്ലാതെ എന്ന് ജീവനക്കാര്‍ തിരുത്തി.

നോട്ടീസിന് താഴെ പേനകൊണ്ട് എഴുതിയ നിലയിലാണ് പ്രതിഷേധം. ആരാണ് എഴുതിയതെന്ന് വ്യക്തമല്ല. ശമ്പളം കിട്ടാത്തതില്‍ കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിനിറങ്ങിയത്.