തുലാം പത്ത് കഴിഞ്ഞു, ഇനി തെയ്യക്കാലം; വരവേൽക്കാനൊരുങ്ങി ഉത്തരകേരളം

തുലാം പത്ത് കഴിഞ്ഞതോടെ മറ്റൊരു തെയ്യക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെയാണ് തുടക്കം. നാലുമാസത്തെ ഇടവേളയ്ക്കുശേഷം ഇനി തട്ടകങ്ങളില്‍ ആളും ആരവവും നിറയും.   

തുലാം പത്തു മുതലാണ് വടക്കേ മലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. തട്ടകങ്ങളില്‍ തുള്ളിയുറയുന്ന തെയ്യക്കോലങ്ങള്‍ ഒരു ദേശത്തിനാകെ അനുഗ്രഹം ചൊരിയും. ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. കളിയാട്ടക്കാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെയ്യകലാകാരന്മാര്‍. ഓരോ തെയ്യത്തിനും ഭക്തമനസുകള്‍ നിറയ്ക്കുന്ന രൂപഭംഗി നിര്‍ബന്ധമാണ്. ചമയങ്ങള്‍ ഏറെ പ്രധാനം. ആചാരനിഷ്ഠയോടും വൃതശുദ്ധിയോടുമാണ് ചമയങ്ങള്‍ ഒരുക്കുന്നത്. മരം, ലോഹം, മയില്‍പ്പീലി, തുണി, മുള, കുരുത്തോല, വാഴപ്പോള എന്നിവയ്ക്കൊപ്പം പുഷ്പങ്ങളും ചമയങ്ങളില്‍ ഉപയോഗിക്കുന്നു. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങള്‍ വ്യത്യസ്ഥമാണ്. നിറത്തിലും, രൂപത്തിലും ആകൃതിയിലും വൈവിധ്യങ്ങള്‍ നിറയും.

നൃത്തവും, ഗീതവും, വാദ്യവും, ശില്‍പകലയുമെല്ലാം ഓരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു.ആചാരനുഷ്ഠനങ്ങള്‍ക്കപ്പുറം ഒരു ദേശത്തിന്റെ സംസ്ക്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. ഉത്തര കേരളത്തിലെ കളിയാട്ടക്കാവുകള്‍ക്കും, കോലധാരികാരികള്‍ക്കമെല്ലാം തിരക്കേറുന്നതാണ് ഇനിയുള്ള ദിവസങ്ങള്‍.