പ്രതീക്ഷയുടെ കളിയാട്ടകാലം; വടക്കിന്റെ മണ്ണില്‍ തെയ്യാട്ടത്തിന് തുടക്കം

വടക്കിന്റെ മണ്ണില്‍ വീണ്ടും ഒരു തെയ്യാട്ട കാലത്തിന് കൂടി തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ തെയ്യാട്ടക്കാലത്ത് കോവിഡ് മഹാമാരിയുടെ നോവറിഞ്ഞ കാലാകാരന്മാര്‍ക്ക് ഈ വര്‍ഷത്തെ കളിയാട്ടകാലം പ്രതീക്ഷയുടെതാണ്. തെയ്യാട്ടകാലത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കലാകാരന്മാര്‍.

തിരുവരങ്ങില്‍ അവതാര നടനമാടുന്ന മൂര്‍ത്തികള്‍ക്കായി അണിയലങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കാസര്‍കോട്ടെ തെയ്യം കലാകാരന്മാര്‍. തുലാം മാസം പിറന്നാല്‍ തെയ്യമാടുന്നവര്‍ക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങളായിരിക്കും.  എന്നാല്‍ അണിയറയിലുള്ളവര്‍ മാസങ്ങള്‍ക്കു മുന്നേ തെയ്യാട്ടകാലത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങും.  അവസാനഘട്ട അടയാഭരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കലാകാരന്മാര്‍

തിരുമുടി, പൂക്കട്ടി, നാഗപടം, കഴുത്ത് കെട്ട്, കൊടുവട്ടം എന്നിവ അണിഞ്ഞാണ് ഭക്തനു മുന്നില്‍ ദൈവക്കോലം അവതരിക്കുക. മുഖത്തെഴുത്തിനൊപ്പം അടയാഭരണങ്ങള്‍ കൂടിയാകുന്നതോടെ ഭംഗിയും അവിസ്മരണീയമായ അനുഭൂതിയുമാണ് തെയ്യം വിഭാവനം ചെയ്യുക. വരും നാളുകളില്‍ ഭക്തിയും കലയും ഒന്നിക്കുന്ന ദൈവക്കോലങ്ങളുെട ദൃശ്യചാരുത കൊണ്ട് സമ്പന്നമാകും ഉത്തരമലബാറിലെ കാവുകളും തറവാടുകളും.